അര അടൂരിന് ആയിരം സംഘി ഗോപാലന്മാർ‍ പോര:ആക്ഷേപഹാസ്യ ശരവുമായി മന്ത്രി മണി 


JULY 26, 2019, 9:22 PM IST

കൊച്ചി:സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനെതിരായ ബി ജെ പി ഭീഷണിക്കെതിരെ മുന കൂർപ്പിച്ച ആക്ഷേപഹാസ്യ ശരവുമായി മന്ത്രി എം എം മണി. ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്തിന്റെ പേരിൽ അടൂരിനെതിരെ ബി ജെ പി സംസ്ഥാന വക്താവ്  ബി ഗോപാലകൃഷ്‌ണന്‍,ജയ് ശ്രീറാം വിളികേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ ചന്ദ്രനിലേയ്ക്ക് പോകാൻ പറഞ്ഞിരുന്നു.ഇതിനോടാണ് മന്ത്രി മണി നിശിതമായി പ്രതികരിച്ചത്.

അര അടൂരിന് ആയിരം സംഘി ഗോപാലന്മാർ‍ പോര ...എന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ മന്ത്രി പരിഹസിക്കുന്നു.ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാകിസ്ഥാനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്‌ണന്റെ വിടുവായിത്തമെന്ന് മന്ത്രി ചോദിക്കുന്നു.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അദ്ദേഹം കുറിപ്പിട്ടത്.

മന്ത്രി മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ലോക പ്രശസ്ത സംവിധായകൻ‍ അടൂർ ഗോപാലകൃഷ്‌ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനാണ് സംഘി ഗോപാലകൃഷ്‌ണരുടെ ഉപദേശം.പാകിസ്ഥാനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. 

വന്നു വന്ന്‌ ‍ ഗ്രഹാന്തരയാത്ര ഏർ‍പ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു. ശ്രിഹരിക്കോട്ടയിൽ ‍ചെന്ന് ചന്ദ്രനിലേക്ക് രജിസ്റ്റർ ചെയ്യാനും തുടർന്ന് ആജ്ഞ. ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാകിസ്ഥാനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്‌ണന്റെ വിടുവായിത്തം.

ഒരു കാര്യം, അര അടൂരിന് ആയിരം സംഘി ഗോപാലന്മാർ‍ പോര എന്ന് മാലോകർക്കറിയാം.