തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഈ മാസം 31ന് വിരമിക്കും. കായിക- യുവജനകാര്യം സെക്രട്ടറിയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും ചുമതല വഹിക്കുന്ന അദ്ദേഹം ചൊവ്വാഴ്ചയായിരുന്നു വിരമിക്കേണ്ടിയിരുന്നത്. എന്നാല്‍ 31 വരെ നീട്ടുകയായിരുന്നു. ശിവശങ്കര്‍ വിരമിക്കുന്ന ഒഴിവില്‍ പ്രണബ് ജ്യോതിനാഥിന് ചുമതല നല്‍കി.
ഡെപ്യൂട്ടി കലക്ടറായാണ് സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കറിന് 1995ല്‍ ആണ് ഐഎഎസ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി മാറിയ അദ്ദേഹം സ്വപ്ന സുരേഷ് ഉള്‍പ്പെടെ പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതോടെ ജയിലില്‍ വരെ കഴിയേണ്ടി വന്നു. സ്വര്‍ണക്കടത്ത് കേസിനൊപ്പം ലെഫ് മിഷന്‍,സ്പ്രിംക്ലര്‍ കരാര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ ശിവശങ്കര്‍ കുടുങ്ങി.
കോടതിയില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും നിരന്തരം വിമര്‍ശനമുയരുന്നതിനിടെ 2020 ജൂലായ് ഒന്നിന് ശിവശങ്കറിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ഒരുവര്‍ഷവും അഞ്ചുമാസവും കഴിഞ്ഞാണ് അ്ദ്ദേഹം സര്‍വീസില്‍ തിരിച്ചെത്തിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് സസ്പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനിടെ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ അദ്ദേഹം നല്‍കിയെങ്കിലും കോടതിയില്‍ കേസുള്ളതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല.