യു എ പി എ അറസ്റ്റ്:എതിർപ്പുമായി എം എ ബേബി,കാരാട്ട്,കാനം


NOVEMBER 7, 2019, 11:56 PM IST

കണ്ണൂർ/ കോട്ടയം:കോഴിക്കോട്ട് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെന്ന് പറയാനാവില്ലെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പൊലീസ് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ പലതും ചെയ്യും. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരട്ടെയെന്നും എം എ ബേബി കണ്ണൂരില്‍ പറഞ്ഞു.

പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉന്നയിച്ചത്. വിദ്യാർഥികൾക്കെതിരെ യു എ പി എ ചുമത്തിയത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. പൊലീസ് നിയമത്തെ തെറ്റായി ഉപയോഗിച്ചു. വിദ്യാർഥികൾക്കെതിരെ യു എ പി എ ചുമത്തിയത് പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി‍. എല്‍ ഡി എഫ് സര്‍ക്കാര്‍ തന്നെ യു എ പി എ ചുമത്തിയത് ദേശീയതലത്തില്‍ കരിനിയമങ്ങള്‍ക്കെതിരായ ഇടത് പ്രക്ഷോഭത്തെ ബാധിക്കും. അതുകൊണ്ടാണ് സി പി ഐ എതിര്‍ക്കുന്നതെന്നും കാനം കോട്ടയത്ത് പറഞ്ഞു.

Other News