മകളെ വലിച്ചിഴച്ച് കിടപ്പുമുറിയില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിന് ജീവപര്യന്തം തടവ്


JANUARY 31, 2023, 10:13 AM IST

മഞ്ചേരി (മലപ്പുറം) : പ്രായപൂര്‍ത്തിയാകാത്ത മകളെ പല തവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ജീവപര്യന്തം കൂടാതെ ആറര ലക്ഷം രൂപ പിഴയായി കെട്ടിവെയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.

2021 മാര്‍ച്ചിലാണ് മദ്രസ അധ്യാപകനായ പ്രതി മകളെ പീഡിപ്പിച്ചത്. ഉമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പിതാവ് പല തവണ പീഡിപ്പിച്ചത്. പഠിച്ച് കൊണ്ടിരുന്ന മകളെ ബെഡ്റൂമിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പീഡനത്തെ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ഇടിച്ചു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ ഉമ്മയെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടിയ്ക്ക് ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഡിഎന്‍എ പരിശോധനയില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ വളരുന്നത് പിതാവിന്റെ കുഞ്ഞാണെന്ന് വ്യക്തമായി. ഇതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു.

Other News