രാഖി വധക്കേസ്: മുഖ്യപ്രതി അഖില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍


JULY 28, 2019, 2:20 AM IST

തിരുവനന്തപുരം:അമ്പൂരി  രാഖി കൊലപാതക കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖില്‍ അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് അഖില്‍ അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. 

ആളെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ മുഖത്തെ മീശയടക്കം വടിച്ചാണ് അഖില്‍ എത്തിയത്. എന്നാല്‍ ഇയാള്‍ വരുന്നുണ്ടെന്ന്  വിവരം കിട്ടിയതിനെത്തുടര്‍ന്ന് എത്തിയ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

കേസില്‍ നിലവില്‍ മൂന്നു പ്രതികളും പിടിയിലായിട്ടുണ്ട്. നേരത്തെ അഖിലിന്റ സഹോദരന്‍ രാഹുലിനെയും സുഹൃത്ത് ആദര്‍ശിനെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചിരുന്നു. താനും സഹോദരനും ചേര്‍ന്ന് കഴുത്ത് മുറുക്കിയാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞിരുന്നു.

ജൂലൈ 24നാണ് പൂവാര്‍ സ്വദേശിനി രാഖി(31) യെ തട്ടാംപുരം സ്വദേശി അഖിലിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.സംഭവദിവസം രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു, രാഖിയും അഖിലും എറണാകുളത്ത് ഒരു ക്ഷേത്രത്തില്‍ വിവാഹിതരായെന്നും ഭാര്യഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചിരുന്നതെന്നും പോലീസ് പറയുന്നു. 

28കാരനായ അഖിലിന് മാതാപിതാക്കള്‍ വേറെ കല്യാണം ആലോചിച്ചതോടെ, ഇക്കാര്യം അറിഞ്ഞ രാഖി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് രാഖിയെ ഒഴിവാക്കാന്‍ കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Other News