പെറ്റമ്മയെ അറിയാത്ത പി എസ് സിയെ വേണ്ടെന്ന് സുഗതകുമാരി,പിരിച്ചുവിടണമെന്ന് അടൂര്‍ 


SEPTEMBER 12, 2019, 1:12 AM IST

തിരുവനന്തപുരം:പി എസ് സി മലയാളത്തില്‍ പരീക്ഷ നടത്താത്തതില്‍ പ്രതിഷേധിച്ച്‌ തിരുവോണനാളിൽ മലയാളത്തിലെ സാഹിത്യ-സാംസ്‌കാരിക നായകര്‍ പട്ടിണിസമരം നടത്തി. രാജ്യത്തുള്ള എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ചിന്തയ്ക്ക് എതിരായിട്ടാണ് പി എസ് സി നില്‍ക്കുന്നതെങ്കില്‍ അതിന് നിലനില്‍ക്കാന്‍ അവകാശമില്ലെന്നു സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍.സര്‍ക്കാര്‍ പി എസ് സിയെ പിരിച്ചുവിടണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.

ആരോഗ്യപ്രശ്നങ്ങള്‍ മറന്ന് കവയിത്രി സുഗതകുമാരിയും സമരത്തിനെത്തി. പെറ്റമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തപക്ഷം പി എസ് സിയെ നമുക്ക് വേണ്ടെന്ന് സുഗതകുമാരി പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.സംസാരിക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ചാണ് ഉമ്മന്‍ചാണ്ടി സമരമുഖത്ത് തന്റെ ശബ്ദമുയര്‍ത്തിയത്. കവി വി.മധുസൂദനന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, മധുപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ തിരുവനന്തപുരത്ത് സമരത്തില്‍ അണിനിരന്നു. 

സംസ്ഥാനത്ത് 17 കേന്ദ്രങ്ങളിലും മുംബൈയിലും സമരം നടന്നു.കോഴിക്കോട് എം ടി വാസുദേവന്‍ നായരും എറണാകുളത്ത്  ബാലചന്ദ്രന്‍ ചുള്ളിക്കാടും പങ്കെടുത്തു.സി.കെ. ശശീന്ദ്രന്‍ എം എല്‍ എ വയനാട് കല്‍പറ്റ ബസ്റ്റാന്‍ഡിൽ  ഉപവാസമിരുന്നു.ഭാഷയ്ക്ക് വേണ്ടിയുള്ള സമരത്തിന് പ്രതീക്ഷ നല്‍കിക്കൊണ്ട് തിങ്കളാഴ്ച  മുഖ്യമന്ത്രി പിണറായി വിജയന്‍ പി എസ് സിയുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Other News