മാണി സി കാപ്പന്‍ പാലാ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു


OCTOBER 9, 2019, 3:56 PM IST

തിരുവനന്തപുരം: മാണി സി കാപ്പന്‍ പാലാ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷില്‍ ദൈവനാമത്തിലായിരുന്നു പാലാ ഉപതിരഞ്ഞെടുപ്പില്‍ ചരിത്രം വിജയം സ്വന്തമാക്കിയ മാണി സി കാപ്പന്റെ സത്യപ്രതിജ്ഞ. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മാണി സി കാപ്പന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എകെ ബാലന്‍, എംഎം മണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തനിക്കെതിരെ വ്യാജകോഴ ആരോപണം ഉന്നയിച്ച വ്യവസായി ദിനേശ് മേനോനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും മന്ത്രിയാകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും സത്യപ്രതിജ്ഞക്കു ശേഷം മാണി സി കാപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാണി സി കാപ്പന് എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മാണി സി കാപ്പന്‍ പങ്കെടുത്തു.

കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു പാലായില്‍ നിന്ന് മാണി സി കാപ്പന്‍ വിജയിച്ചത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്കായിരുന്നു പാലായിലെ നാലാം അങ്കത്തില്‍ മാണി സി കാപ്പന്‍ വിജയിച്ചത്. കെഎം മാണിയല്ലാതെ പാലായില്‍ നിന്ന് നിയമസഭയില്‍ എത്തുന്ന ആദ്യ എംഎല്‍എയാണ് മാണി സി കാപ്പന്‍

Other News