ഹിമാചലില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതർ;ബുധനാഴ്‌ച മണാലിയിലെത്തും 


AUGUST 20, 2019, 9:35 PM IST

ന്യൂഡല്‍ഹി:കനത്തമഴയിൽ ഹിമാചൽ പ്രദേശിലെ  ഛത്രുവിൽ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതരരെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.ഷൂട്ടിംഗ് തുടരേണ്ടതിനാല്‍ മഞ്ജുവും സംഘവും ചൊവ്വാഴ്‌ച മണാലിയിലേക്ക് മടങ്ങില്ല. ബുധനാഴ്‌ച രാവിലെ മടങ്ങാമെന്ന് പ്രാദേശിക ഭരണകൂടത്തെ സംഘം അറിയിച്ചു. നിലവില്‍ ഛത്രു സിനിമ ലൊക്കേഷനിലുള്ള സിനിമാസംഘത്തിന്  ആഹാരം ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

നേരത്തേ രാത്രി എട്ടുമണിയോടെ ഇവരെ കോക്‌സാര്‍ ബേസ് ക്യാമ്പിലെത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രക്ഷപ്രവർത്തനത്തിന് എത്തിയ സംഘത്തോട് ഷൂട്ടിംഗ് തുടരണം എന്ന് സിനിമാ സംഘം അറിക്കുകയായിരുന്നു.റോഡ് ഒലിച്ച് പോയതോടെ പുറത്ത് കടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

സനല്‍കുമാര്‍ ശശിധരന്റെ 'കയറ്റം' എന്ന ചിത്രത്തിന്റെയായിരുന്നു ഷൂട്ടിംഗ്.മണാലിയില്‍ നിന്ന് 100കി.മി അകലെ ഛത്രയിലാണ് സംഘം കുടുങ്ങിയത്. 30 അംഗങ്ങളാണ് സംഘത്തില്‍.കഴിഞ്ഞ മൂന്നാഴ്‌ചയായി ഇവര്‍ ഇവിടെ ചിത്രീകരണത്തിലായിരുന്നു. 

കനത്തെ മഴയെയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് പ്രദേശത്തെക്കുള്ള റോഡ് ഗതാഗതം തടസപ്പെടുകയും പ്രദേശം ഒറ്റപ്പെടുകയുമായിരുന്നു.തുടര്‍ന്ന് ഇന്നലെ മഞ്ജു സഹായഭ്യര്‍ത്ഥിച്ച് സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടു.തങ്ങള്‍ മാത്രമല്ല വിനോദ സഞ്ചാരികളായ 200 അംഗ സംഘവും ഛത്രയില്‍ കുടുങ്ങിയിട്ടുണ്ടെന്നും സഹായം ആവശ്യമുണ്ടെന്നുമാണ് മഞ്ജു അറിയിച്ചത്.

തുടര്‍ന്ന് മധുവാര്യര്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനുമായി സംസാരിക്കുകയും അദ്ദേഹം ഹിമാചല്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്‌തിരുന്നു. തുടര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം.

Other News