പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച മരടിലെ ഫ്‌ളാറ്റുകള്‍ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ ഫ്‌ളാറ്റ് ഉടമകള്‍ തടഞ്ഞു


SEPTEMBER 9, 2019, 2:34 PM IST

കൊച്ചി: തീരദേശ നിയമം ലംഘിച്ചതിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച മരടിലെ ഫ്‌ളാറ്റുകള്‍ കാണാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്‌ളാറ്റ് ഉടമകള്‍ തടഞ്ഞു.

ഫ്ളാറ്റിനകത്തേക്ക് കടക്കാന്‍ ചീഫ് സെക്രട്ടറിയെ അനുവദിച്ചില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമായി ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധിച്ചു. ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്നാണ് ഫ്ളാറ്റ് ഉടമസ്ഥരുടെ നിലപാട്.

അതേ സമയം കോടതി വിധി നടപ്പാക്കുമെന്നും ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസം ഉറപ്പാക്കുമെന്നും ചീഫ് പറഞ്ഞു.സുപ്രിം കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി കൊച്ചിയിലെത്തിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രത്യേക യോഗവും ചേര്‍ന്നു.

ജില്ലാ കളക്ടര്‍, മരട് നഗരസഭാ ഭരണസമിതി, സിറ്റി പൊലീസ് കമ്മീഷണര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകരിക്കേണ്ട നടപടികളാണ് യോഗം ചര്‍ച്ച ചെയ്തത്.അതേ സമയം ഫ്ളാറ്റിലെ താമസക്കാരുടെ പുനരധിവാസം മാത്രമാണ് ജില്ലാ ഭരണകൂടത്തിന്റെ ബാധ്യതയെന്ന് കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ഉത്തരവ് നടപ്പാക്കേണ്ടത് മരട് നഗരസഭയാണ്. ആവശ്യമായ സഹായങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

30 കോടി രൂപയാണ് ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ചിലവിനത്തില്‍ നിലവില്‍ കണക്കാക്കിയിരിക്കുന്ന പ്രാഥമിക എസ്റ്റിമേറ്റ് തുക. ചെന്നൈ ഐഐടി യുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഫ്ളാറ്റുകള്‍ ഒറ്റയ്ക്ക് പൊളിച്ചുമാറ്റാന്‍ കഴിയില്ലെന്നാണ് നഗരസഭാ ഭരണ സമിതിയുടെ നിലപാട്.ഇത്ര വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും മലിനീകരണവും പുനരധിവാസവും വെല്ലുവിളിയാണെന്നും നഗരസഭ പറയുന്നു. കൊച്ചി മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളും ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

Other News