തലചായ്ക്കാൻ....കിടപ്പാടത്തിനായി ഓണമുണ്ണാതെ മരടിലെ ഫ്‌ളാറ്റുടമകൾ 


SEPTEMBER 11, 2019, 10:59 PM IST

കൊച്ചി:തിരുവോണ നാളിൽ  നിരാഹാരവുമായി മരടിലെ ഫ്‌ളാറ്റുടമകള്‍.അഞ്ച് ദിവസത്തിനുളളില്‍ ഫ്‌ളാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് പതിച്ചതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റുടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫ്‌ളാറ്റുകള്‍ പൊളിക്കാനുളള നടപടിയുമായി മരട് നഗരസഭ മുന്നോട്ട് പോകുന്നതിനിടെ തലചായ്ക്കാൻ ഇടംവേണമെന്ന ആവശ്യമുന്നയിച്ച് കിടപ്പാടത്തിനായി ഓണമുണ്ണൽപോലുമുപേക്ഷിച്ച് ഫ്‌ളാറ്റുടമകള്‍ സമരത്തിനിറങ്ങുകയായിരുന്നു.നേരിട്ട് നിയമലംഘനം നടത്തിയിട്ടില്ലാത്ത ഫ്ളാറ്റുടമകളുടെ  നിസ്സഹായാവസ്ഥയിൽ ദിവസേന ഇവർക്ക് ജനപിന്തുണ ഏറുകയാണ്.

വിദേശത്തുൾപ്പെടെ ജോലിചെയ്‌ത്‌ നേടിയ സമ്പാദ്യമുപയോഗിച്ച് ഫ്ളാറ്റുകൾ വാങ്ങുക മാത്രമാണ് തങ്ങൾ ചെയ്‌തതെന്ന്‌ ഫ്‌ളാറ്റുടമകൾ ചൂണ്ടിക്കാട്ടുന്നു.തങ്ങൾ ഒരു നിയമലംഘനവും നടത്തിയിട്ടില്ല.മറ്റുചിലർ നടത്തിയ തെറ്റിന് തങ്ങളുടെ ജീവിതം തന്നെയാണ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും തങ്ങളോട് അനുകൂല സമീപനമുണ്ടാകണമെന്നുമാണ് ഫ്ളാറ്റുടമകൾ പറയുന്നത്.

തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതെ കോടതി പുറപ്പെടുവിച്ച ഉത്തരവ് നീതിക്ക് നിരക്കാത്തതാണെന്ന് സമരക്കാർ പറഞ്ഞു.തങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. ഫ്‌ളാറ്റ് പൊളിക്കുന്നത് എന്തു വിലകൊടുത്തും തടയുമെന്നും ഉടകള്‍ വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോകുകയാണ്.

സെപ്റ്റംബര്‍ 20-ന് മുമ്പ് ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികൾക്ക് മരട് നഗരസഭ നീക്കം തുടങ്ങിയത്.

സുപ്രീം കോടതി വിധിക്കെതിരെ ഗോള്‍ഡന്‍ കായലോരം റസിഡന്റ്‌സ് അസോസിയേഷനും 15 ഫ്‌ളാറ്റുടമകളുംവ്യാഴാഴ്‌ച പിഴവുതിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും.തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്, ജെയ്ന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് തുടങ്ങിയവ പൊളിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

Other News