ഒഴിഞ്ഞുപോകണമെന്ന നോട്ടീസ് കൈപ്പറ്റാതെ മരടിലെ ഫ്ലാറ്റുടമകൾ;നാടകീയ രംഗങ്ങൾ 


SEPTEMBER 10, 2019, 9:08 PM IST

കൊച്ചി: പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിലെ ഉടമകള്‍ക്ക് നഗരസഭ ഒഴിഞ്ഞു പോകാൻ നോട്ടീസ് നല്‍കി. ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റിലെ ചില ഉടമകള്‍ ഒഴികെ മറ്റെല്ലാവരും നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭിത്തിയില്‍ നോട്ടീസ് പതിപ്പിച്ചു. നേരത്തെ  ചേര്‍ന്ന മരട് നഗരസഭ കൗണ്‍സില്‍ യോഗം ഫ്ലാറ്റ് ഉടമകള്‍ക്ക് അനുകൂലമായി പ്രമേയം പാസാക്കിയെങ്കിലും അഞ്ചുദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് നല്‍കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഏറെ നാടകയീതകള്‍ക്കൊടുവിലാണ് എല്ലാ ഫ്ലാറ്റുകളിലും നോട്ടീസ് നല്‍കിയത്. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ജെയിന്‍ കോറല്‍ ഫ്ലാറ്റിലാണ് ആദ്യമെത്തിയത്. ഗേറ്റുകള്‍ താഴിട്ട് പൂട്ടിയിരിക്കുകയായിരുന്നു. ആരെയും അകത്തേക്ക് കയറ്റിവിടരുതെന്നാണ്  നിര്‍ദ്ദേശമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഫ്ലാറ്റ് ഉടമകളെ ഗേറ്റിലേക്ക് വിളിച്ചു കൊണ്ടു വരാന്‍ സെക്രട്ടറി ആരിഫ് ഖാന‍് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഉടമകള്‍ എത്തി ഗേറ്റ് തുറന്ന് ഉദ്യോഗസ്ഥരെ അകത്ത് കടത്തിയെങ്കിലും നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ ഭിത്തിയില്‍ നോട്ടീസ് പതിച്ച് സംഘം അടുത്ത ഫ്ലാറ്റിലേക്ക് പോയി.

ആല്‍ഫാ വെഞ്ചേഴ്‌സിലും സമാന അവസ്ഥ തന്നെയാണ് ഉണ്ടായത്.ഉടമകള്‍ നോട്ടീസ് കൈപ്പറ്റിയില്ല. പിന്നീട് ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇവിടുത്തെ ചില ഉടമകള്‍ നോട്ടീസ് കൈപ്പറ്റി. നിയമനടപടികള്‍ക്ക് വിധേയമായി നോട്ടീസ് കൈപ്പറ്റുന്നു എന്നെഴുതിയായിരുന്നു ഇവര്‍ ഒപ്പിട്ട് നല്‍കിയത്. തുടര്‍ന്ന്  ഉദ്യോഗസ്ഥ സംഘം ഹോളി ഫെയത്ത് ഫ്ലാറ്റ് സമുച്ചയത്തില്‍ എത്തിയെങ്കിലും ഗേറ്റ് തുറക്കാന്‍ പോലും ഉടമകള്‍ തയ്യാറായില്ല. ഇതോടെ മതിലിന് പുറത്ത് നോട്ടീസ് പതിച്ച് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു.

ഫ്ലാറ്റുകള്‍ ഒഴിയാന്‍ അഞ്ച് ദിവസമാണ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കരുതെന്ന പൊതു വികാരമാണ് നഗരസഭ കൗൺസിൽ യോഗത്തിൽ ഉയര്‍ന്നത്.ജില്ല കളക്‌ടർ ഉൾപ്പെട്ട മൂന്നംഗ സമിതി  കൗൺസിലിന്‍റെ അഭിപ്രായം തേടാതെ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ തന്നെ റിവിഷൻ ഹർജി നൽകണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. 

സുപ്രീംകോടതി ഉത്തരവിനെ മനുഷ്യാവകാശ ലംഘനമായി കാണണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രമേയം. ഫ്ലാറ്റ് പൊളിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ പ്രമേയം പാസാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഫ്ലാറ്റുടമകളുമായി സംസാരിക്കാൻ പോലും തയ്യാറാകാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടിയെയും അംഗങ്ങൾ വിമർശിച്ചു.

ഫ്ലാറ്റ് പൊളിക്കുന്നതിന് വിവിധ ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിക്കുന്നതിനുളള നടപടികളും നഗരസഭ തുടങ്ങി. എന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. തിരുവോണ ദിവസം നഗരസഭക്ക് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Other News