കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കഴിയാതെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി


NOVEMBER 8, 2019, 4:17 PM IST

കൊച്ചി:   അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനത്തില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി വരും വരെ സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിച്ചു. ഏറ്റുമുട്ടലാണ് നടന്നതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൊല്ലപ്പെട്ട മാവോയിസ്റ്റ് കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച വിധി പറയും വരെ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം ഏറ്റുമുട്ടലാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസ് വ്യാപക തെരച്ചില്‍ നടത്തിവരികയായിരുന്നു. തെരച്ചിലിനൊടുവിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടി വച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. എകെ 47 ഉപയോഗിച്ചാണ് വെടിവച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം മാവോയിസ്റ്റുകളുടേത് കസ്റ്റഡിക്കൊലയാണെന്നും ഏറ്റുമുട്ടലല്ലെന്നും ബന്ധുക്കള്‍ കോടതിയില്‍ വാദിച്ചു. ഏറ്റുമുട്ടല്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മണിവാസകത്തെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും റീപോസ്റ്റുമോര്‍ട്ടം വേണമെന്നും ബന്ധുക്കളുടെ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

Other News