മാക്‌ഡവല്‍സ് കുപ്പിവെള്ളം നിരോധിച്ചു;വിപണിയിലുള്ളവ തിരിച്ചെടുക്കണം 


AUGUST 2, 2019, 10:09 PM IST

തിരുവനന്തപുരം: ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സേഫ്റ്റി കേരള വഴി പുറത്തുവിട്ടു. 

അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് എസ് ആൻഡ് എസ് ഫുഡ് ഇൻഡസ്ട്രീസ് (സ്റ്റേറ്റ് ലൈസൻസ് നമ്പർ: 11315008000653) ഉത്പാദിപ്പിക്കുന്ന  മാക്‌ഡവല്‍സ് നമ്പർ വൺ പാക്കേജ്‌ഡ്‌ ഡ്രിങ്കിംഗ് വാട്ടർ  ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചു എന്നാണ് ഫുഡ് സേഫ്റ്റി കേരളയുടെ ഫേസ്‌ബുക്ക് അറിയിപ്പിൽ പറയുന്നത്.

കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടില്ല. ഉത്പാദകരോട്  വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.  സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കമ്പനികള്‍ വെള്ളം ശേഖരിക്കുന്നതു വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്നും അശാസ്ത്രീയമായി ഇവര്‍ വെള്ളം പാക്ക് ചെയ്‌തു നല്‍കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവരേയും പിടികൂടിയിട്ടുണ്ട്. ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളം ബ്രാൻഡുകൾ  മാര്‍ക്കറ്റില്‍ ഉള്ളവ പോലും തിരിച്ച്‌ എടുക്കാനും ഇതിന്‍റെ വില്‍പ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

Other News