പീഡനത്തിനിരായി പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ്: പ്രതിയെ ഇന്ന് നാട്ടിലെത്തിക്കും


JULY 16, 2019, 7:08 PM IST

റിയാദ്: 13 കാരിയായ പട്ടികജാതി പട്ടികവർഗത്തിൽ പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് റിയാദിലേയ്ക്ക് നാടുവിട്ട പ്രതിയെ കൊല്ലം കമ്മീഷണർ

 മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടിലെത്തിക്കും.കൊല്ലം ഓച്ചിറ സ്വദേശിയായ സുനിൽ കുമാർ ഭദ്രനെ(39)നെ നാട്ടിലെത്തിക്കാനാണ് മെറിൻ ജോസഫും സംഘവും റിയാദിലെത്തിയത്. ഇരയായ പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. 

എന്നാൽ സംഭവം നടന്നയുടൻ ഇയാൾ റിയാദിലേയ്ക്ക് നാടുവിട്ടതിനാൽ പോലീസിന് കസ്റ്റഡിയിലെടുക്കാനായില്ല. പിന്നീട് ഇന്റർപോളിനെ കേസേൽപിക്കുകയും അവർ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇയാൾ  പിടിയാവുകയുമായിരുന്നു.നിലവിൽ റിയാദിലെ ജയിലിലാണ് ഇയാളുള്ളത്.

മെറിൻ ജോസഫിന്റെ സംഘത്തിൽ കൊല്ലം ജില്ലാ ക്രൈം റിക്കാർഡ്‌സ് ബൃൂറോ അസിസ്റ്റന്റ് പോലീസ് കമീഷണർ എം. അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ആർ. പ്രകാശ് എന്നിവരാണുള്ളത്.  

റിയാദിൽ ജോലിയുണ്ടായുരുന്ന സുനിൽ കുമാർ 2017 ൽ നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തിന്റെ സഹോദരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. 2017 ൽ ക്ലാപ്പന സ്വദേശിയായ സ്‌കൂൾ വിദ്യാർഥിയാണു പീഡനത്തിന് ഇരയായത്. പിതൃസഹോദരന്റെ സുഹൃത്താണു സുനിൽകുമാർ. പീഡനത്തിനു ശേഷം കൊല്ലം കരിക്കോട്ടെ ഇഞ്ചക്കാട് സർക്കാർ മഹിളാ മന്ദിരത്തിലാക്കിയ പെൺകുട്ടി ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ പിതൃസഹോദരനും പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.