സഭാദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്റെ പരാതി


JUNE 28, 2022, 9:06 AM IST

തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്രതിപക്ഷ എംഎല്‍എമാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചട്ടലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ സഭയില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധമാണ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാതി.

സാമാജികര്‍ക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് കൈമാറിയത്. ഇതോടൊപ്പം സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സഭാചട്ടങ്ങള്‍ ലംഘിച്ചുള്ള പ്രവൃത്തികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

സഭ സമ്മേളിച്ച് ചോദ്യോത്തര വേള തുടങ്ങിയ സമയത്ത് തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളുമായി പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് ആദ്യം നിര്‍ത്തിവെച്ച സഭ വീണ്ടും ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. സഭാ നടപടികള്‍ നിര്‍ത്തിവെച്ചിട്ടും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ പോര്‍വിളി നടത്തി. പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ വേഗത്തിലാക്കി നിയമസഭയുടെ ആദ്യദിവസം പിരിഞ്ഞത്

അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിട്ടും മറുപടി കേള്‍ക്കാത്ത പ്രതിപക്ഷ നടപടി അസാധാരണമാണെന്ന് വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയവര്‍ തന്നെ അത് തടസ്സപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത കാര്യമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. വിവിധ പ്രശ്‌നങ്ങളില്‍ റൂള്‍ 50 അനുസരിച്ചുള്ള നോട്ടിസ് സഭയില്‍ വരാറുണ്ട്. കല്‍പ്പറ്റ അംഗമാണ് നോട്ടിസ് നല്‍കിയത്. അടിയന്തരപ്രമേയം ഒരു കാരണവശാലും വരാന്‍ പാടില്ല എന്നു കരുതി പ്രതിപക്ഷം ബഹളമുണ്ടാക്കി ചോദ്യോത്തരവേള പൂര്‍ണമായും തടസ്സപ്പെട്ടു. ബഹളമുണ്ടാക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും പ്രതിപക്ഷം കേട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Other News