പാലാ ഉപതെരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകും: മന്ത്രി എംഎം മണി


SEPTEMBER 8, 2019, 1:25 PM IST

കോട്ടയം: പാല ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

ഇതു പറയാന്‍ ഒരു മടിയുമില്ലെന്നും പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കിയ നല്ല പ്രവര്‍ത്തനങ്ങള്‍ ഇടതു സ്ഥാനാര്‍ത്തിക്കു വിജയിക്കാനാവശ്യമായ വോട്ടു നേടിത്തരും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഭിന്നതകള്‍ നേട്ടമാകുമെന്ന് പറഞ്ഞ എം.എം മണി യു.ഡി.എഫ് കണ്‍വന്‍ഷനില്‍ പി.ജെ.ജോസഫിനെ കൂകി വിളിച്ചത് ശരിയായില്ലെന്നും പറഞ്ഞു.

അതേസമയം, നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായി ചിഹ്നങ്ങളും ലഭിച്ചതോടെ പാലാ പ്രചാരണത്തിരക്കിലായി. ഓണത്തിനുമുമ്പ് പഞ്ചായത്ത് ബൂത്തുതല യോഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മുന്നണികള്‍ ലക്ഷ്യമിടുന്നത്.

ചിഹ്നവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെ യു.ഡി.എഫ് ക്യാമ്പില്‍ പ്രചാരണപരിപാടികള്‍ സജീവമായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രചാരണപുരോഗതി വിലയിരുത്തി.

ഉത്രാടത്തിനു മുമ്പ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും.ബൂത്തുതലം വരെയുള്ള കണ്‍വന്‍ഷനുകള്‍ ഇടതുമുന്നണി പൂര്‍ത്തിയാക്കി കഴിഞ്ഞു.

ഇടതു പ്രവര്‍ത്തകരിപ്പോള്‍ വീടുകളിലും കടകളിലും പ്രസ്താവനകള്‍ എത്തിക്കുന്ന തിരക്കിലാണ്. സി.പി.എം പോഷകസംഘടകളുടെ കണ്‍വന്‍ഷനുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവും. നാളെ മുതല്‍ സ്ഥാനാര്‍ത്ഥിയുടെ പൂര്‍ണനിയന്ത്രണം സി.പി.എം ഏറ്റെടുക്കും. മന്ത്രി എം.എം.മണിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഇതിനിടെ, സംസ്ഥാനതല നേതാക്കളെ കളത്തിലിറക്കി ബി.ജെ.പിയും പ്രചാരണരംഗത്ത് സജീവമായി. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. വൈകുന്നേരം നടക്കുന്ന കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്യും.

Other News