കൊണ്ടോട്ടിയില്‍ യുവാക്കള്‍ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍


SEPTEMBER 17, 2019, 2:32 PM IST

കോഴിക്കോട്: കൊണ്ടോട്ടി ഓമാനൂരില്‍ യുവാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ചു പരിക്കേറ്റസംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അക്രമികള്‍ക്കെതിരെ വാഴക്കാട് പൊലീസ് വധശ്രമക്കേസ് ചുമത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന വാട്‌സാപ്പ് സന്ദേശത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന വാട്‌സാപ്പ് സന്ദേശത്തെ തുടര്‍ന്നാണ് കൊണ്ടോട്ടിക്കടുത്ത ഓമാനൂരില്‍ യുവാക്കളെ നാട്ടുകാര്‍ മര്‍ദിച്ചത്. സംഭവത്തില്‍ ഫൈസല്‍ കാടക്കാട്, മുഅഫ്ഖാന്‍, സുള്‍ഫിക്കര്‍ എന്നിവരെ വാഴക്കാട് പൊലീസ് അറസ്റ്റു ചെയ്തു. ഇവരുള്‍പ്പടെ നാല്‍പ്പതോളം പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വാഴക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അതേസമയം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതിപ്പെട്ട വിദ്യാര്‍ഥി ഇന്ന് മൊഴി മാറ്റി. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് പേടിച്ച് വീട്ടുകാരെ പറ്റിക്കാനാണ് തെറ്റായി പരാതി നല്‍കിയതെന്ന് കുട്ടി മൊഴി നല്‍കി.

ഇന്നലെ വിദ്യാര്‍ഥിയുടെ പരാതിയില്‍ സി.സി.ടി.വി ക്യാമറ പരിശോധിച്ചിരുന്നു. ഇതില്‍ കണ്ട വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചാണ് വാഴക്കാട് പൊലീസ് സഫറുല്ല, റഹ്മത്ത് എന്നിവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇവര്‍ സ്റ്റേഷനിലേക്ക് വരുമ്പോള്‍ നാട്ടുകാര്‍ ഓമാനൂരില്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആള്‍ക്കൂട്ട ആക്രമണം. ആക്രമണം നടത്തിയവര്‍ക്കെതിരെ തുടക്കത്തില്‍ പൊലീസ് ശക്തമായ നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്

Other News