കാര്‍ഷിക വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി


AUGUST 7, 2019, 2:19 PM IST

തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഡിസംബര്‍ 31 വരെ നീട്ടി. റവന്യൂ റിക്കവറി നടപടികളും മരവിപ്പിച്ചു. മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പുനഃക്രമീകരിക്കാത്ത വായ്പകളിലും ജപ്തി നടപടിയുണ്ടാവില്ല. കാര്‍ഷിക വായ്പകള്‍ പരിശോധിക്കാന്‍ ജില്ലകളില്‍ സബ് കമ്മിറ്റി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.കര്‍ഷക, കാര്‍ഷികേതര വായ്പകള്‍ക്കുള്ള മോറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടി കൊണ്ട് മെയ് 29നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, കാര്‍ഷിക വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബാങ്കേഴ്‌സ് സമിതി ദിനപത്രങ്ങളില്‍ പരസ്യം നല്‍കി. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

കേരളത്തിലെ കര്‍ഷകര്‍ക്കുള്ള വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ സംസ്ഥാന ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മോറട്ടോറിയം നീട്ടി നല്‍കിയതാണ്. മറ്റ് സംസ്ഥാനങ്ങള്‍ നല്‍കാത്ത പ്രത്യേക പരിഗണന കേരളത്തിന് അനുവദിക്കാനാവില്ലെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.