ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് ഇന്ന്- 42


MAY 22, 2020, 5:13 PM IST

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 42 പേര്‍ക്ക് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പതിവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധയുണ്ടായത്. കണ്ണൂരില്‍ 12, കാസര്‍ക്കോട് ഏഴ്, കോഴിക്കോട്, പാലക്കാട് അഞ്ച് വീതം, തൃശൂര്‍, മലപ്പുറം നാലുവീതം, കോട്ടയം രണ്ട്, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. രണ്ടുപേരാണ് ഇന്ന് നെഗറ്റീവായത്. 

ഇന്നലെ രാത്രി കോവിഡ് ബാധിച്ച മരിച്ച കദീജ ബീവിയുടെ കുടുംബത്തിന് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. 

മഹാരാഷ്ട്രയില്‍ നിന്ന് 21 പേരും തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ക്കും വിദേശത്തു നിന്നും വന്ന 17 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടേയും കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകനുമാണ് രോഗം ബാധിച്ചത്. ഇതുവരെ 732 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 216 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നുമാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നിലവില്‍ 28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ വന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇനിയും വരാനുണ്ട്. ഒരു കേരളീയന്റെ മുമ്പിലും സംസ്ഥാനത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കില്ല. രോഗം വര്‍ധിക്കുമ്പോള്‍ പരിതപിച്ച് നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാതെ കൃത്യമായ ചികിത്സയും പരിചരണവും നല്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അത്യാഹിത ചികിത്സ ഉള്‍പ്പെടെ ആവശ്യമുള്ളവര്‍ എത്താമെന്നും അതിനുള്ള സൗകര്യങ്ങള്‍ ആശുപത്രികളില്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്ക്ഡൗണ്‍ ഇളവ് സൗകര്യങ്ങള്‍ നല്കിയത് ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ പല ഭാഗങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. കുട്ടികളേയും വയോജനങ്ങളേയും കൂട്ടി പുറത്തിറങ്ങരുത്. റിവേഴ്‌സ് ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണെന്നും അതു മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Other News