ബിനോയ് കോടിയേരി കോടതിയെ മാനിക്കുന്നില്ല,ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കും:പരാതിക്കാരി 


JULY 28, 2019, 8:33 PM IST

മുംബൈ: വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോടതി ആവശ്യപ്പെട്ടിട്ടും ബിനോയ് കോടിയേരി ഡി എന്‍ എ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരിയായ ബിഹാർ സ്വദേശിനി.. ഡി എന്‍ എ പരിശോധനക്ക്  രക്തസാംപിള്‍ നല്‍കാന്‍ മടിക്കുന്നത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും അവർ പറയുന്നു.

അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നു പരാതിക്കാരിയുടെ  അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും പല ന്യായങ്ങൾ പറഞ്ഞ് ബിനോയ് രക്തസാമ്പിള്‍ നല്‍കുന്നതില്‍ നിന്നു ഒഴിഞ്ഞുമാറുകയാണ്. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘമാണെന്നും യുവതിക്ക് നിയമസഹായം നല്‍കുന്ന മുബൈയിലെ അഭിഭാഷകന്‍ അബ്ബാസ് മുഖ്ത്യാര്‍ പറഞ്ഞു. 

കുട്ടിയുടെ പിതൃത്വം ഉള്‍പ്പടെയുള്ള വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 53 എ പ്രകാരം പ്രതിയുടെ ഡി എന്‍ എ പരിശോധന പൂര്‍ത്തിയാക്കണം. യുവതി പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ഫോട്ടാകളും ചാനൽ പുറത്തുവിട്ട ശബ്‌ദരേഖയും ബിനോയിയുടെ വാദങ്ങള്‍ കളവെന്നതിന് തെളിവാണ്. 

ബിനോയിയും യുവതിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് കൈമാറിക്കഴിഞ്ഞു. യുവതിയില്‍ നിന്നു നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും മുഖ്ത്യാര്‍ വ്യക്തമാക്കി.

അതേസമയം,കേസിലെ എഫ്‌ ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ തിങ്കളാഴ്‌ചയും ബിനോയ് ഡിഎന്‍എ പരിശോധനക്ക് രക്തസാംപിള്‍ നല്‍കില്ലെന്നാണ് സൂചന.

Other News