മഞ്ചേശ്വരത്ത് യുഡിഎഫ് പരാജയപ്പെട്ടേക്കുമെന്ന് മുല്ലപ്പള്ളി; തെറ്റായ നിരീക്ഷണമെന്ന് സ്ഥാനാര്‍ത്ഥി


APRIL 7, 2021, 12:27 PM IST

കാസര്‍കോട്:  മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്കയുണ്ടെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം വോട്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നും ഇത് യുഡിഎഫിന് തിരിച്ചടിയാകുമോ എന്ന കടുത്ത ആശങ്കയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളി യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷറഫ് രംഗത്തുവന്നു.

മതേതര വോട്ടുകള്‍ പരമാവധി സമാഹരിക്കാനായിട്ടുണ്ടെന്നും ഉറച്ച വിജയ പ്രതീക്ഷ ആണുള്ളതെന്നും അഷറഫ് പറഞ്ഞു. 10000 ത്തില്‍ ആധികം ലീഡ് നേടി വിജയിക്കാനാകും. വോട്ട് കച്ചവടം നടന്നിട്ടില്ല . മഞ്ചേശ്വരം, കുമ്പള, മംഗള്‍പ്പാടി പഞ്ചായത്തുകളില്‍ വന്‍ ലീഡ് നേടുമെന്നും അഷറഫ് പറഞ്ഞു.

മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും എല്‍ഡിഎഫുകാര്‍  ബിജെപിക്ക് വോട്ടു ചെയ്തിട്ടുണ്ടാകുമെന്നാണ്  മുല്ലപ്പള്ളി പറഞ്ഞത്. ഇതാണ് സ്വന്തം  സ്ഥാനാര്‍ഥിതന്നെ  തള്ളി കളഞ്ഞത്.

അതേസമയം തെരഞ്ഞെടുപ്പു ദിവസം രാവിലെ സിപിഎമ്മിനോട് പരസ്യമായി വോട്ടഭ്യര്‍ത്ഥന നടത്തിയ മുല്ലപ്പള്ളിക്ക് സിപിഎം-ബിജെപി വോട്ടുകച്ചവടം എന്ന ആരോപണം ഉന്നയിക്കുന്നത് യാതൊരു ഉളുപ്പുമില്ലാതെയാണെന്ന് ബിജെപി അധ്യക്ഷനും മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍ ചോദിച്ചു. സിപിഎം ആണ് മുഖ്യശത്രുവെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറഞ്ഞ് നടക്കുന്ന മുല്ലപ്പള്ളി ഒടുവില്‍ മഞ്ചേശ്വരത്ത് സിപിഎമ്മന്റെ വോട്ടിനുവേണ്ടി കെഞ്ചിയെന്നും കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഇത്രയും ഗതികെട്ട സംസ്ഥാന അധ്യക്ഷന്‍ വേറെ ഇല്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.