മൂന്നാറില്‍ വീണ്ടും ട്രെയിന്‍ ഓടും 


JUNE 28, 2019, 2:23 PM IST

ബ്രിട്ടീഷ് എഞ്ചിനീറിങ്ങിന്റെ ഒരു വിസ്മയമായിരുന്നു മൂന്നാറിലെ മോണോ റെയില്‍.മലമുകളിലെ മൂന്നാറിനെ അതിനും മുകളിലുള്ള മാട്ടുപ്പെട്ടിയുമായി ബന്ധിപ്പിക്കുന്നതായിരുന്നു ആ പാത. 1924ലെ സര്‍വ്വസംഹാരിയായി മാറിയ പ്രളയത്തില്‍ ആ പാത ഒലിച്ചുപോയി.മൂന്നാറിലും കുണ്ഡലവാലിക്കുമിടയില്‍ ആ പാലത്തിന്റെ കുറെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഇടുക്കിയില്‍ നാശം വിതച്ച മറ്റൊരു പ്രളയമുണ്ടായി. അതിനുശേഷം ഈ റെയില്‍ പാത പുനരുദ്ധരിക്കാനുള്ള നിര്‍ദ്ദേശവുമായി രംഗത്തുവന്നിരിക്കുകയാണ് ടൂറിസം ഡിപ്പാര്‍ട്ടുമെന്റ്. ഡാര്‍ജിലിംഗ് ട്രെയിന്‍ സര്‍വീസിന്റെ മാതൃകയില്‍ ടൂറിസ്റ്റുകള്‍ക്ക് പ്രയോജനകരമായ രീതിയില്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.
ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് മുന്‍ ഗണന നല്‍കുന്ന പദ്ധതികളിലൊന്നാണ് റെയില്‍ പാതയുടെ പുനരുദ്ധാരണമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. മൂന്നാറിലെ ടൂറിസം വികസനത്തിന് വലിയൊരു ഉത്തേജനമായതു മാറും.
പാത പുനരുദ്ധാരണത്തെക്കുറിച്ച് പഠിക്കുന്നതിനായി ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെയും കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെയുംഉദ്യോഗസ്ഥരുടെ ഒരു സംഘം വെള്ളിയാഴ്ച മൂന്നാര്‍ സന്ദര്‍ശിക്കുകയുണ്ടായി. പാത പുനരുദ്ധരിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുളളത് എസ് രാജേന്ദ്രന്‍ എംഎല്‍എയാണ്.ആദ്യ ഘട്ടത്തില്‍ 5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാകും പുനരുദ്ധരിക്കുക.
ബ്രിട്ടീഷ് കാല ഘട്ടത്തില്‍ പണിത ഇടുങ്ങിയ പതയുള്ള മോണോറെയില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് മൂന്നാറില്‍ നിന്നും മുകളറ്റത്തുള്ള സ്റ്റേഷനായ മാട്ടുപ്പെട്ടിയിലേക്കു തേയിലയും സുഗന്ധ വ്യജ്ഞനങ്ങളും കടത്തിക്കൊണ്ടിപോകുന്നതിനായിരുന്നു. അവിടെനിന്നും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്കും പിന്നീട് തൂത്തുക്കുടിയിലേക്കും എത്തിച്ചേരുന്ന സാധനങ്ങള്‍ ഇംഗ്ളണ്ടിലേക്ക് കപ്പല്‍ മാര്‍ഗം അയക്കുകയും ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ വിതരണം നടത്തുകയുമാണ് ചെയ്തിരുന്നത്.


1902 ല്‍ നിര്‍മ്മിച്ച മൂന്നാര്‍ റെയില്‍വേ സ്റ്റേഷന്‍ ഇപ്പോള്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് (കെ ഡി എച്ച് പി) ലിമിറ്റഡ് ആസ്ഥാന മന്ദിരം പ്രവര്‍ത്തിക്കുകയാണ്.
1908ല്‍ മോണോ റെയില്‍ പാതക്ക് പകരം ലൈറ്റ് റെയില്‍വേ സ്ഥാപിച്ചു. 1924 ലെ പ്രളയത്തില്‍ ശരിയാക്കാന്‍ കഴിയാത്തവിധം റെയില്‍ പാത നശിച്ചുപോയി.അതിനുശേഷം മൂന്നാറിനെ മാട്ടുപ്പെട്ടിയുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ് നിര്‍മ്മിച്ചു. അത് തമിഴ്നാട്ടിലെ കൊടൈക്കനാലുമായും ബന്ധിപ്പിക്കുന്ന പാതയാണ്. എന്നാല്‍ ആ റോഡ് വനത്തിനുള്ളിക്കൂടിയായതിനാല്‍ ആ മാര്‍ഗത്തിലൂടെ കൊടൈക്കനാലിലേക്കുള്ള വാഹന ഗതാഗതം നിര്‍ത്തിവെച്ചു.
35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ഏറിയ പങ്കും കടന്നുപോകുന്നത് ടാറ്റായുടെ തേയിലത്തോട്ടങ്ങളില്‍ക്കൂടിയാണ്.


റെയില്‍ പാത പുനരുദ്ധരിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവന്നപ്പോള്‍ വിശദമായ പദ്ധതി തയ്യാറാക്കിയാല്‍ അതുമായി സഹകരിക്കാമെന്നാണ് ടാറ്റ അറിയിച്ചിട്ടുള്ളത്. ടാറ്റായുടെ നിലപാടാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനുള്ള വഴിതുറന്നത്.