കരുണാകരന്റെ കുടുംബത്തിന് മാര്‍ക്കിടാന്‍ തരൂര്‍ വളര്‍ന്നിട്ടില്ലെന്ന്  മുരളീധരന്‍,മുല്ലപ്പള്ളിയും രംഗത്ത് 


AUGUST 27, 2019, 10:25 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്ലത് ചെയ്താല്‍ അദ്ദേഹത്തെ പ്രശംസിക്കണമെന്ന ശശി തരൂരിന്റെ പ്രസ്താവനയില്‍ വിവാദം കെട്ടടുങ്ങുന്നില്ല. തരൂരിനെതിരെ ശക്തമായ ഭാഷയില്‍ കെ മുരളീധരന്‍ വീണ്ടും രംഗത്തെത്തി. കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാര്‍ക്കിടാന്‍ തരൂര്‍ ആയിട്ടില്ല. മലയാള പത്രം വായിക്കാത്തത് കൊണ്ടാണ് തരൂരിനു തന്റെ മടങ്ങിവരവ് അറിയാത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.

തന്നോട് ബി ജെ പിയില്‍ ചേരാന്‍ പറഞ്ഞ മുരളീധരന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ട് എട്ട് വര്‍ഷം മാത്രമെ  ആയിട്ടുള്ളുവെന്ന് തരൂര്‍ പറഞ്ഞിരുന്നു.ഇതിന് മറുപടിയായിട്ടാണ് മുരളീധരന്‍ തരൂരിനെതിരെ വീണ്ടും രംഗത്തെത്തിയത്.

പറഞ്ഞതിലെ തെറ്റ് തരൂര്‍ മനസ്സിലാക്കണം. പറഞ്ഞതില്‍ തരൂര്‍ ഉറച്ച്‌ നില്‍ക്കുകയാണെങ്കില്‍ നടപടി ആവശ്യപ്പെടും. പാര്‍ട്ടി ലേബലില്‍ ജയിച്ചെങ്കില്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണം. കോണ്‍ഗ്രസില്‍ ഇരുന്ന് മോഡിയെ സ്തുതിക്കേണ്ട. ഇനിയും മോഡി സ്തുതി തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്‌കരിക്കേണ്ടി വരും. തന്റെ പാരമ്പര്യം ചോദ്യം ചെയ്യാന്‍ തരൂര്‍ ആയിട്ടില്ല. തരൂര്‍ കേരളത്തെ മനസ്സിലാക്കാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷമേ ആയിട്ടുള്ളൂ. അതു കൊണ്ടാണ് തന്റെ കോണ്‍ഗ്രസ് പാരമ്പര്യത്തെ മനസ്സിലാക്കാത്തത്. കരുണാകരന്റെ കുടുംബം സംഘികളുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം,മോഡിസ്തുതി പ്രസ്‌താവന തിരുത്താത്തതില്‍ ശശി തരൂര്‍ എം പിയോട് കെ പി സി സി അധ്യക്ഷൻ  മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം തേടി. അടിയന്തരമായി വിശദീകരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തരൂരിന്റേത് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്ത നടപടിയാണ് ശശി തരൂരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും അദ്ദേഹം  കുറ്റപ്പെടുത്തി.

Other News