പതിനാറുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തുഞെരിച്ചുകൊന്നതാണെന്ന് കുറ്റസമ്മതം


JUNE 30, 2019, 2:41 PM IST

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരില്‍ പതിനാറുകാരിയെ പ്ലസ് വിദ്യാര്‍ത്ഥിനിയെ അമ്മയും അമ്മയുടെ കാമുകനും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തല്‍. പോലീസ് പിടിയിലായ അമ്മ മഞ്ജുഷയാണ് മകള്‍ മീരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസിന് മൊഴിനല്‍കിയത്. കാമുകനായ അനീഷും കൊലപാതകത്തില്‍ പങ്കാളിയായി.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും കാമുകനും എതിരെ കൊലക്കുറ്റം ചുമത്തിയ പൊലീസ് ഇരുവരെയും റിമാന്‍ഡ് ചെയ്തു.

മകളുടെത് ആത്മഹത്യയാണെന്നായിരുന്നു അമ്മയായ മഞ്ജുഷ ആദ്യം പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ കൊലപാതകമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടിലെ സൂചന. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് മഞ്ജുഷ സമ്മതിക്കുകയായിരുന്നു. കാമുകനായ അനീഷിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം. മകളുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകമെന്നും മൊഴിയിലുണ്ട്.

ഈ മാസം പത്താം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയക്കാന്‍ പോലീസ് തീരുമാനിച്ചു. മഞ്ജുഷയെയും അനീഷിനെയും കഴിഞ്ഞ ദിവസമാണ് തമിഴ്‌നാടിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി മരിച്ചെന്നും പൊട്ടക്കിണറ്റില്‍ തള്ളിയെന്നുമുള്ള വിവരം ലഭിച്ചത്.
നെടുമങ്ങാട് കരിപ്പൂര്‍ ആര്‍സി പള്ളിക്ക് സമീപത്തെ പൊട്ടക്കിണറ്റില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

Other News