ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ വേദിപങ്കിട്ടത് വിവാദം


JUNE 22, 2022, 11:01 AM IST

കോഴിക്കോട്ട്: ആര്‍എസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത് വിവാദത്തില്‍. കോഴിക്കോട് കേസരിയില്‍ സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലും അതോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും പങ്കെടുത്ത ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍ പൊന്നാടയണിയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സോഷ്യ മീഡിയയിലും മറ്റും കെഎന്‍എ ഖാദറിനെതിരെ വിമര്‍ശനം ഉയര്‍ന്നത്

മുസ്ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. കേസരി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ലീഗ് നേതാവാണ് ചുവര്‍ ശില്‍പം അനാച്ഛാദനം ചെയ്തത്. ജെ നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്ത് ആരംഭിച്ച പ്രസംഗത്തില്‍ താന്‍ ഉത്തരേന്ത്യയില്‍ പല മതങ്ങളുടേയും ആരാധനാലയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കേരളത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം അതിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഗുരുവായൂരില്‍ കാണിക്ക അര്‍പ്പിച്ചതിനെത്തുടര്‍ന്ന് പലരും തനിക്ക് സംഘിപട്ടം ചാര്‍ത്തി തന്നു എന്നും കെഎഎന്‍എ ഖാദര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആര്‍എസ്എസ് വേദിയിലെത്തിയ വിമര്‍ശനത്തോട് പ്രതികരിച്ച ലീഗ് നേതാവ് ഇത് സാംസ്‌കാരിക പരിപാടിയായാണ് മനസിലാക്കിയാണ് പങ്കെടുത്തതെന്നാണ് പറഞ്ഞത്

സാംസ്‌കാരിക പരിപാടികള്‍ക്ക് മുന്‍പും പോയിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാനത്തെമ്പാടും എല്ലാ മതങ്ങളെയും വിളിച്ചുകൂട്ടി പരിപാടി നടത്തി. ഇത് ഭ്രഷ്ടിന്റെ കാര്യമല്ല. ഇവിടെ പരിസ്ഥിതി ചര്‍ച്ച ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ മതവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

രാഷ്ട്രീയമായി താന്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനാണ്, ഇസ്ലാം മത വിശ്വാസിയാണ്, എന്നാല്‍ മറ്റ് മതങ്ങളെ വെറുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. ചടങ്ങില്‍ രണ്ജി പണിക്കര്‍, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു

Other News