മുത്തൂറ്റ് സമരം തീർന്നു: കൂലി വര്‍ധിപ്പിക്കും,പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും


OCTOBER 10, 2019, 9:38 PM IST

കൊച്ചി:ശമ്പള വര്‍ധന ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. വേതന വർധന എന്ന ആവശ്യം മാനേജ്‌മെന്റ് തത്വത്തില്‍ അംഗീകരിച്ചു. തൊഴിലാളികള്‍ വെള്ളിയാഴ്‌ച മുതല്‍ ജോലിക്ക് ഹാജരാകും.

എല്ലാ ജീവനക്കാര്‍ക്കും 1.10.2019 മുതല്‍ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടികള്‍ മാനേജ്‌മെന്റ് അംഗീകരിക്കും.

തടഞ്ഞുവച്ച ഇ എസ് ഒ പി ആനുകൂല്യം അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും. പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കും. 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും.പണിമുടക്കിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ല.

സ്ഥാപനത്തില്‍ സര്‍ട്ടിഫൈഡ് സ്റ്റാന്റിംഗ് ഓര്‍ഡര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് നിയമാനുസൃത നടപടി സ്വീകരിക്കും. എല്ലാ ജീവനക്കാര്‍ക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും. തടഞ്ഞുവച്ച 25% വാര്‍ഷിക ഇംക്രിമെന്റ് 1.4.2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിതരണം ചെയ്യും.

ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലണ് തീരുമാനം.അമ്പത്തിരണ്ടു ദിവസമായി നടന്നുവന്ന സമരമാണ് ഇപ്പോൾ തീർപ്പിലെത്തിയത്.11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 ലേറെ ജീവനക്കാരായിരുന്നു പണിമുടക്കിൽ.ഇത്രയും ജീവനക്കാര്‍ ആഴ്‌ചകൾ സമരം ചെയ്തിട്ടും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും യാതൊരു അനുകൂല നിലപാടും ഉണ്ടായില്ലെന്ന് സമരക്കാര്‍ പരാതി ഉയർത്തിയിരുന്നു.

പ്രശ്ന പരിഹാരത്തിന് മൂന്നു തവണ മധ്യസ്ഥചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല.ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ വട്ടചര്‍ച്ചയും ഒത്തുതീര്‍പ്പാകാതെ പിരിയുകയായിരുന്നു.

Other News