കലക്ടര്‍ക്ക് എത്താനായില്ല; നൗഷാദിന്റെ പുതിയ തുണിക്കട ജനങ്ങള്‍ ചേര്‍ന്ന് ആഘോഷമായി ഉദ്ഘാടനം ചെയ്തു


AUGUST 19, 2019, 5:12 PM IST

കൊച്ചി: ബലിപ്പെരുന്നാളിന് വില്‍ക്കുവേണ്ടി വച്ചിരുന്ന പുത്തന്‍തുണിത്തരങ്ങള്‍ കൂട്ടത്തോടെ പ്രളയദുരിതത്തില്‍ പെട്ടവര്‍ക്ക്  സമ്മാനിച്ച നൗഷാദ് തിങ്കളാഴ്ച എറണാകുളത്ത് പുതിയ കട തുറന്നു.


ഉദ്ഘാടനത്തിന് വരാമെന്നേറ്റിരുന്ന ജില്ലാ കലക്ടര്‍ തിരക്കുമൂലം എത്തിയില്ലെങ്കിലും ഉദ്ഘാടന ദിവസം നൗഷാദിനെ കാണാനെത്തിയ ജനക്കൂട്ടം കട തുറക്കല്‍ ഗംഭീരമാക്കി.


 ഇതോടെ വിദേശത്തുനിന്നും സ്വദേശത്തുനിന്നും നൗഷാദിനെ തേടി അനുമോദനങ്ങളുമെത്തി. പ്രളയ സഹായം നല്‍കാന്‍ ആളുകള്‍ മടിച്ചുനിന്ന സമയത്താണ് നൗഷാദ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കട തുറന്ന് കൊടുത്തത്.

തെരുവില്‍ കട നടത്തുകയായിരുന്ന നൗഷാദ് പ്രളയം എത്തുന്നതിനു മുമ്പുതന്നെ എറണാകുളം ബ്രോഡ്‌വേയില്‍ സ്വന്തമായൊരു കട കണ്ടുവച്ചിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ആ കടയുടെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ദിവസം ഒരുലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ വിദേശ മലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ കച്ചവടം പൊടിപൊടിച്ചു.

നൗഷാദിന്റെ നിര്‍ദേശ പ്രകാരം ഇദ്ദേഹം ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറും.നൗഷാദിനേയും കുടുംബത്തേയും അഫി അഹമ്മദ് ഗള്‍ഫിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഗള്‍ഫില്‍ എല്ലാം സൗകര്യങ്ങളും ഇദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നു ഷര്‍ട്ടുകള്‍ക്ക് ആയിരം രൂപയാണ് നൗഷാദിന്റെ കടയിലെ വില. മരിക്കും വരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദ് പറഞ്ഞു.

Other News