മരണത്തിനുമുമ്പ് നയനയ്ക്ക് മര്‍ദനമേറ്റു; സ്ത്രീയും പുരുഷനും നിരന്തരം ഭീഷണിപ്പെടുത്തി: വനിതാ സുഹൃത്ത്


JANUARY 25, 2023, 9:39 AM IST

തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യയുടെ ദുരൂഹമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വനിതാ സുഹൃത്ത്. മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നതായി വനിതാസുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ ക്ഷതം ഉണ്ടായിരുന്നു. ഒരു സ്ത്രീയും പുരുഷനും നയനയെ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഗുരുവായ ലെനിന്‍ രാജേന്ദ്രന്റെ മരണത്തിന് പിന്നാലെ കെഎസ്എഫ്ഡിസിയിലെ ജോലി നഷ്ടപ്പെടുത്തിയത് ഇവരാണെന്ന് നയന പറഞ്ഞിരുന്നതായും സുഹൃത്ത് പറഞ്ഞു. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും മൊഴിയിലുണ്ട്.

നയന മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കണ്ടപ്പോള്‍ മുഖത്തെ നീലിച്ച പാടുകള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ അന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി. ഒരുവശം ചരിഞ്ഞു കിടന്നപ്പോള്‍ സംഭവിച്ചതാണെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ പിന്നീടൊരിക്കല്‍ വൈകിട്ട് നടക്കുന്നതിനിടെ നയന സത്യം തുറന്നുപറഞ്ഞു. തന്നെ വീട്ടിലെത്തി മര്‍ദ്ദിച്ചെന്നും നിരന്തരം ഭീഷണിയുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. അന്ന് തന്നോട് മര്‍ദ്ദിച്ചവരുടെ പേര് വെളിപ്പെടുത്തിയെന്നും സുഹൃത്ത് അന്വേഷണ സംഘത്തെ അറിയിച്ചു. നേരത്തെ കോടതിയില്‍ മാത്രമേ മൊഴി നല്‍കൂവെന്ന് നിലപാടെടുത്തിരുന്ന സുഹൃത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കൂടെ ഇടപെടലിലാണ് ക്രൈംബ്രാഞ്ചിന് മുമ്പിലെത്തിയത്. നയനയുടെ വീടിന് സമീപം താമസിച്ചിരുന്ന സുഹൃത്ത് നല്‍കിയ ഈ നിര്‍ണായക മൊഴിയോടെ കേസില്‍ കൂടുതല്‍ ദുരൂഹത നിറഞ്ഞിരിക്കുകയാണ്.

നയനയുടെ ദുരൂഹമരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് സര്‍ജന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയ ക്ഷതം സര്‍ജന്റെ മൊഴിയിലില്ല. 'കാരണം ഏതായാലും കഴുത്തിലേറ്റ ബലമാണ് മരണകാരണം എന്ന കാര്യത്തില്‍ സംശയമില്ല' എന്ന് ഉറപ്പിച്ചാണ് സര്‍ജന്റെ മൊഴി. എന്നാല്‍ അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തെ കുറിച്ച് സര്‍ജന്റെ മൊഴിയില്‍ പരാമര്‍ശമില്ല. നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നല്‍കുന്ന ഈ മൊഴി കൊലപാതക സാധ്യത തള്ളിക്കളയുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. കെ.ശശികലയുടേതാണ് ഈ ദുരൂഹ മൊഴി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെയും പൂര്‍ണമായി വിശ്വസിക്കാനാവുന്നില്ലയെന്നതാണ് മറ്റൊരു പ്രശ്നം. വലത് വൃക്കയുടെ അടിവശത്താണ് രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അടിവയറിന്റെ ഇടതുഭാഗത്താണ് ക്ഷതമേറ്റതെന്ന കണ്ടെത്തലുമുണ്ട്. വൃക്കയും പാന്‍ക്രിയാസും അമര്‍ന്നാണ് ആന്തരിക രക്തസ്രാവമുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ക്ഷതം ഇടത് വശത്തും രക്തസ്രാവം വലത് വശത്തും വന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്. ഇതോടൊപ്പം മൂത്രാശയം ഒഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന കണ്ടെത്തല്‍ നയനയ്ക്ക് ചവിട്ടേറ്റെന്ന സൂചനയും നല്‍കുന്നുണ്ട്. ഇതിലൊന്നും വ്യക്തത നല്‍കാത്തതാണ് സര്‍ജന്റെ മൊഴി. നയനയുടെ മരണത്തെ വിഷാദത്തിന്റെ ഭാഗമായ രോഗാവസ്ഥയുമായി കൂട്ടിക്കെട്ടുന്ന തരത്തിലാണ് സര്‍ജന്‍ മൊഴി നല്‍കിയിരിക്കുന്നത്.

മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍ - ഷീല ദമ്പതികളുടെ മകള്‍ നയനസൂര്യയെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞിലൂടെയായിരുന്നു സിനിമാ രംഗത്തേയ്ക്ക് നയന പ്രവേശിക്കുന്നത്. പക്ഷികളുടെ മണം എന്ന ഹൃസ്വ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.  സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ് ആയി മാറുകയായിരുന്നു. മരണപ്പെടുന്നതിന് മുന്‍പ് വരെ മലയാളസിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ നയന നിറ സാന്നിധ്യമായിരുന്നു.

ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, കമലിന്റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകന്റെ കൂടെ 100 ഡേയ്സ് ഓഫ് ലവ്, ലെനിന്റെ തന്നെ ഇടവപ്പാതി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി നയന പ്രവര്‍ത്തിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ആണ് നയനയെ സിനിമയുമായി ബന്ധപ്പെട്ടുത്തിയത്. സിനിമ ചെയ്യണമെന്ന ആഗ്രഹമുദിച്ചതിനെ തുടര്‍ന്ന് നയന ലെനിന്‍ രാജേന്ദ്രനുമായി ബന്ധപ്പെടുകയും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുമായിരുന്നു.

Other News