കേസ് നൽകുമെന്ന് തുഷാര്‍;നേരിടുമെന്ന് നാസില്‍ അബ്ദുല്ല


SEPTEMBER 11, 2019, 11:52 PM IST

അബൂദാബി:തുഷാര്‍ വെള്ളാപ്പള്ളി തനിക്കെതിരെ കേസ് നല്‍കിയാല്‍ നേരിടുമെന്ന് ചെക്ക് കേസിലെ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല. നാട്ടില്‍ പോകും മുമ്പ് കൂടിക്കാഴ്ച വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടിരുന്നു.തുഷാറിന്‍റെ കമ്പനിയില്‍ ഇടപാടുകള്‍ക്ക് ചുമതലപ്പെടുത്തിയ ആളാണ് തനിക്ക് ചെക്ക് നല്‍കിയതെന്നും നാസില്‍ അബ്ദുല്ല പറഞ്ഞു.

ചെക്ക് കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. നാസിലിനും ചെക്ക് കൈമാറിയ ആള്‍ക്കും എതിരെയാണ് നിയമ നടപടി സ്വീകരിക്കുക. നാസിലിന് ചെക്ക് കൈമാറിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും തുഷാര്‍ ആരോപിച്ചിരുന്നു.

നിയമനടപടിക്കുള്ള സമ്മതപത്രം അഭിഭാഷകന് കൈമാറിയിട്ടുണ്ട്. പണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. 10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കേണ്ട കുറ്റമാണ് ഇവർ ചെയ്തതെന്നും തുഷാര്‍ പറഞ്ഞിരുന്നു.