നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ തിരുവനന്തപുരത്തു നിന്ന്  സര്‍വീസ് നടത്തും


AUGUST 9, 2019, 11:26 PM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ അവിടെ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തും.  10, 11 തീയതികളില്‍ നെടുമ്പാശേരിയില്‍ നിന്നുള്ള 12 എയര്‍ ഇന്ത്യാ സര്‍വീസുകളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും നടത്തുന്നത്.

അതേസമയം കൊച്ചിയിലെ നാവിക സേനാ വിമാനത്താവളം ശനിയാഴ്‌ച തുറക്കും. കനത്ത മഴയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഞായറാഴ്‌ചവരെ താവളം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കൊച്ചിയില്‍ നിന്നു നിരവധി സര്‍വ്വീസുകള്‍ നടത്തേണ്ട സാഹചര്യത്തിലാണ് നാവിക സേന വിമാനത്താവളം തുറക്കാന്‍ ധാരണയായത്. ചെറു വിമാനങ്ങളാണ് ഇവിടെ നിന്നും സര്‍വ്വീസ് നടത്തുക. ഷെഡ്യൂള്‍ ക്രമീകരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാത്രിയോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്‌ച രാവിലെ മുതല്‍ സര്‍വ്വീസ് ആരംഭിക്കാനാണ് തീരുമാനം.