ഭീകര ബന്ധം ആരോപിച്ചു കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ഖാദറിനെ ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു


AUGUST 25, 2019, 11:28 AM IST

കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് ശനിയാഴ്ച കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ഖാദറിനെ തമിഴ്‌നാടിന് കൈമാറി. റഹീമിനെ തമിഴ്നാട് ക്യൂ ബ്രാഞ്ച്, റോ അടക്കമുള്ള ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്യാനാരംഭിച്ചു. അബ്ദുല്‍ ഖാദറിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ എന്‍ഫോഴ്സ്മെന്റും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.

അബ്ദുല്‍ ഖാദറിന് തീവ്രവാദ സംഘവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പോലീസിന് ലഭിച്ച പ്രാഥമിക വിവരവും അതാണ്. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമേ ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭഇക്കൂ.

ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടിലേക്ക് പത്ത് തീവ്രവാദികള്‍ എത്തിയെന്നും ഇവര്‍ക്ക് അബ്ദുല്‍ ഖാദര്‍ റഹീം സഹായം ചെയ്തു കൊടുത്തുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസം മുമ്പ് ബഹറിനില്‍ നിന്നും കൊച്ചിയിലെത്തിയ അബ്ദുല്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് .

എറണാകുളം സിജെഎം കോടതിയില്‍ ഹാജരാകാന്‍ എത്തിയ അബ്ദുല്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേ സമയം വിദേശത്ത് സെക്‌സ് റാക്കറ്റ് തടവിലാക്കിയ വയനാട് സ്വദേശിനിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതിന്റെ വിരോധത്തില്‍ സെക്‌സ് റാക്കറ്റാണ് തന്നെ ഭീകരനാക്കി ചിത്രീകരിച്ചതിനു പിന്നിലെന്നാണ് അബ്ദുല്‍ ഖാദര്‍ പറയുന്നത്.

Other News