നിപ: ആശങ്ക ഒഴിയുന്നു; ഐസൊലേഷന്‍ വാര്‍ഡിലെ ഏഴാമത്തെ പനിബാധിതനും നിപയല്ല


JUNE 7, 2019, 11:18 AM IST

കൊച്ചി: ഇടവേളയ്ക്കുശേഷം ജനങ്ങളെയും അധികൃതരെയും ആശങ്കയിലാഴ്ത്തിയ നിപ ഭീഷണി ഒഴിയുന്നു. ഇതുവരെ പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തിയ എട്ടുപേരില്‍ ഏഴുപേര്‍ക്കും നിപയില്ലെന്ന് തെളിഞ്ഞു. കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്കൊഴികെ ആര്‍ക്കും നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി. ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന ഏഴാമത്തെയാളുടെ സാമ്പിളും നെഗറ്റീവ് ആയിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തേണ്ട പരിശോധന കൊച്ചിയില്‍ ചെയ്യാന്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയതായും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് സ്ഥാപിച്ച താല്‍ക്കാലിക ലാബിലാണ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന വ്യക്തിയുടെ സാമ്പിള്‍ പരിശോധിച്ചത്. ഇതിന്റെ ഫലമാണ് നെഗറ്റീവെന്ന് കണ്ടെത്തിയത്. ഇതോടെ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയൊഴികെ ആര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു. തൃശ്ശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളും നിപയല്ലെന്ന് വ്യക്തമായതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.


സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 318 ആയെന്നും ഇതില്‍ 41 പേരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതായും ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ വ്യക്തമാക്കി. നിപ്പ ബാധ സ്ഥിരീകരിക്കുന്നതിനുള്ള താല്‍ക്കാലിക ലാബ് എറണാകുളത്ത് പൂര്‍ണ്ണ സജ്ജമാണെന്നും രോഗനിര്‍ണ്ണയത്തിന് ഇത് ഏറെ സഹായകരമാകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും ദിവസങ്ങളില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരും. നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ആരോഗ്യ വ്യക്തമാക്കി.