നിപയുടെ ഉറവിടം കണ്ടെത്താന്‍ ഭോപ്പാലില്‍ നിന്നും പ്രത്യേക സംഘം കൊച്ചിയിലെത്തി


JUNE 6, 2019, 12:18 PM IST

കൊച്ചി: കൊച്ചിയിലെ ആശുപത്രികളില്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ട നിപയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ ഭോപ്പാലില്‍ നിന്നും പ്രത്യേക സംഘം കൊച്ചിയിലെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപയുടെ ഉറവിടം എവിടെയാണെന്ന് ഇവരുടെ പരിശോധനയില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസത്തിനുളളില്‍ ഇക്കാര്യത്തില്‍ വ്യക്തതവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിപ രോഗലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വിശദീകരിച്ചു.

കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് നല്‍കുന്ന ചികിത്സ തുടരും. നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രോഗം പൂര്‍ണ്ണമായും മാറിയ ശേഷമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ. അതിന് പ്രോട്ടോക്കോള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിലവില്‍ ഏഴുപേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഒരാളെ ഇന്നലെ വൈകീട്ടോടൊണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ബാക്കി ആറ് പേരുടേയും രക്തസ്രവ സാംപിളുകള്‍ പൂനെ വൈറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നഴ്സുമാരും ഇതില്‍പ്പെടുന്നു.

അതേസമയം, നിപാ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.


Other News