നിപ്പ ബാധിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അവലോകന യോഗം ചേരും


JUNE 5, 2019, 2:38 PM IST

നിപവൈറസ് ബാധ സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അവലോകന യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥിയെ പരിചരിച്ച മൂന്ന് നഴ്സുമാരും ഒരു സുഹൃത്തും അടക്കം പനി ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ചുപേരുടെയും നിലയിലും പുരോഗതിയുണ്ട്. അവരുടെ പനി ഇന്നലത്തേക്കാളും കുറഞ്ഞിട്ടുണ്ട്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇവരുടെ രക്തസാമ്പിളും സ്രവങ്ങളും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു. അവയുടെ ഫലം വ്യാഴാഴ്ച വൈകീട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പനി ബാധിതരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. അതിനാല്‍ ഫലം നെഗറ്റീവാകുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. നിപ ബാധിച്ച വിദ്യാര്‍ത്ഥിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്തിയവര്‍ അടക്കം 311 പേരുടെ കോണ്ടാക്ട് ലിറ്റ് ആരോഗ്യവകുപ്പ് എടുത്തിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Other News