പെരുമ്പാവൂർ സ്വദേശി ഇരുമ്പുസ്ക്രാപ്പായി ഇറക്കുമതി ചെയ്‌തത്‌  1000 കോടിയുടെ സ്വര്‍ണം


JULY 25, 2019, 9:59 PM IST

ന്യൂഡല്‍ഹി:മുംബൈയില്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാര്‍  രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്തുകാരനെന്ന് ഡി ആർ ഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ  ഇന്റലിജന്‍സ്). കഴിഞ്ഞവര്‍ഷം മാത്രം 1000 കോടി രൂപ മൂല്യമുള്ള 3300 കിലോ സ്വര്‍ണം നിസാര്‍ അലിയാര്‍ ഇരുമ്പുസ്‌ക്രാപ്പ് എന്നപേരില്‍ ഇറക്കുമതി ചെയ്‌തുവെന്ന് ഡി ആര്‍ ഐ കണ്ടെത്തി. 

ഡി ആര്‍ ഐയുടെ കണ്ടെത്തല്‍ ശരിവച്ച സുപ്രീംകോടതി നിസാറിനെ കൊഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വച്ച നടപടിയും അംഗീകരിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ 110 കിലോ സ്വര്‍ണം ഡി ആര്‍ ഐ പിടികൂടിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാറിലേക്ക് എത്തിയത്. ഇരുമ്പുസ്‌ക്രാപ്പ് എന്നപേരില്‍ സ്വര്‍ണം ഇറക്കുമതി ചെയ്‌തത് നിസാര്‍ ആണെന്ന് കൂട്ടുപ്രതി അരവിന്ദ് കുമാര്‍ ഡി ആര്‍ ഐയ്ക്ക് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പെരുമ്പാവൂരിൽ നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള  സ്ഥാപനങ്ങളിലും വീടുകളിലും മുംബൈയില്‍ നിന്നുള്ള ഡി ആര്‍ ഐ അധികൃതര്‍ റെയ്‌ഡ്‌  നടത്തിയിരുന്നു.

നിസാര്‍ ഇപ്പോള്‍ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ്. കോഫെപോസ ചുമത്തിയതിനെതിരെ നിസാര്‍ അലിയാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിയാണ്.

ചുരുങ്ങിയ കാലയളവില്‍ 3300 കിലോ സ്വര്‍ണം ഇരുമ്പുസ്‌ക്രാപ്പെന്ന പേരില്‍ നിസാര്‍ അലിയാര്‍ ഇറക്കുമതി ചെയ്‌തെന്നാണ് ഡി ആര്‍ ഐ സുപ്രീം കോടതിയെ അറിയിച്ചത്. 2018 ജൂലൈ മുതല്‍ ഒരുവര്‍ഷം കൊണ്ട് ഇത്തരത്തില്‍ 1000 കോടിയുടെ സ്വര്‍ണമാണ് നിസാര്‍ അലിയാര്‍ ഇറക്കുമതി നടത്തിയത്.പെരുമ്പാവൂരിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും തനിക്ക് ദുബായില്‍ ബിസിനസ് ആണെന്നാണ് നിസാര്‍ ധരിപ്പിച്ചിരുന്നത്.

Other News