കര്‍ഷക ആത്മഹത്യ:  രണ്ടുലക്ഷം വരെയുള്ള കടങ്ങള്‍ എഴുതി തള്ളുമെന്ന് കൃഷിമന്ത്രി;പ്രതിപക്ഷlത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു


JUNE 10, 2019, 1:52 PM IST

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകളെല്ലാം കാര്‍ഷിക വായ്പയായി കരുതുമെന്നും കര്‍ഷകരുടെ 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സഭയില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കര്‍ഷക അത്മഹത്യാവിഷയം ഉന്നയിച്ച്  പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. ഇതെതുടര്‍ന്നായിരുന്നു കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ വിശദീകരണം.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന ഗൗരവകരമാണെന്നും 5 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജുകള്‍ നടപ്പാക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കുന്ന പ്രോഗ്രസ് കാര്‍ഡ് ജനങ്ങളെ അപഹാസ്യരാക്കുന്നതാണ്. ജനങ്ങള്‍ ഇതിന് കടലാസിന്റെ വില പോലും നല്‍കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Other News