ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യസാന്നിധ്യം ഇല്ലെന്ന് സൂചന;പ്രതി മെഡിക്കൽ കോളേജ് പോലീസ് സെല്ലിൽ 


AUGUST 4, 2019, 11:57 PM IST

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സംസ്ഥാന സര്‍വ്വേ ഡയറക്‌ടർ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിന്റെ രക്തപരിശോധനയിൽ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന.കെമിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്.

രക്തപരിശോധനയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്‌ച പോലീസിന് കൈമാറും.ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച അപകടം കഴിഞ്ഞ് ഒൻപത് മണിക്കൂറിലേറെ കഴിഞ്ഞാണ്  ശ്രീറാമിന്‍റെ രക്തപരിശോധന നടത്തിയത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്‍റെ സാന്നിധ്യം കുറയുമെന്ന് വിദഗ്‌ധർ വ്യക്തമാക്കുന്നത്.

അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാമിന്, മദ്യത്തിന്‍റെ സാന്നിധ്യം രക്തത്തില്‍ ഇല്ലാതാക്കുന്ന മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനഃപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും നിലനില്‍ക്കുന്ന കുറ്റം. 

അതേസമയം റിമാന്‍ഡിലായിട്ടും കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്രറൂമില്‍ തുടരുകയായിരുന്ന ശ്രീറാമിനെ ജില്ലാ ജയിലിൽ എത്തിച്ച ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സെല്ലിലേക്ക് മാറ്റി.  കേസില്‍ ശ്രീറാം നല്‍കിയ ജാമ്യാപേക്ഷ തിങ്കളാഴ്‌ച  തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

Other News