കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ഡി ജി പി 


JANUARY 17, 2020, 5:22 PM IST

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. രണ്ട് കൊല്ലത്തിനിടയില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായി വന്‍ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് സിറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം.സഭയുടെ ആരോപണം പരിശോധിക്കുമെന്നും ബഹ്‌റ പ്രതികരിച്ചു.

ലൗ ജിഹാദെന്ന സിറോ മലബാര്‍ സഭയുടെ ആരോപണത്തെ തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു.സിറോ മലബാര്‍ സഭാ സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ന്യൂനപക്ഷ കമ്മീഷന്റെ നടപടി. 21 ദിവസത്തിനകം റിപ്പോര്‍ട്ട് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഇല്ലെങ്കില്‍ കമ്മീഷന്‍ നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകും.തീവ്രവാദ സംഘടനകള്‍ നടത്തുന്ന ലൗ ജിഹാദില്‍ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്നും ഇക്കാര്യം സിനഡ് തന്നെ പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ കത്തില്‍ പറയുന്നു.

'കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്നത് വസ്തുതയാണ്.കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.'എന്നായിരുന്നു സര്‍ക്കുലരിലെ ആരോപണം.