പ്രവാസികള്‍ക്കു നിക്ഷേപം നടത്താന്‍ എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്കു രൂപം നല്‍കും: മുഖ്യമന്ത്രി


AUGUST 27, 2019, 12:02 PM IST

ലോക കേരള സഭയുടെ രണ്ടാം സമ്മേളനം അടുത്ത വര്‍ഷം ജനുവരിയില്‍

കൊച്ചി : പ്രവാസികള്‍ക്കു നിക്ഷേപം നടത്താന്‍ എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്കു രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

പ്രവാസി നിക്ഷേപം സ്വീകരിച്ചു വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണു  ലക്ഷ്യം. എന്‍ആര്‍ഐ ടൗണ്‍ഷിപ്, പശ്ചാത്തല സൗകര്യ വികസനം തുടങ്ങി ഒട്ടേറെ പദ്ധതികളില്‍ കമ്പനിക്കു പങ്കാളിത്തം വഹിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നോര്‍ക്ക റൂട്ട്സിന്റെ പുതിയ മേഖലാ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസി മലയാളികള്‍ അംഗമായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം അടുത്ത വര്‍ഷം ജനുവരിയില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പ്രവാസി ക്ഷേമത്തിനു പുതിയ പദ്ധതി ആവിഷ്‌ക്കരിക്കും. നിലവിലുള്ളവ വിപുലീകരിക്കും. നിസ്സാര കാര്യങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന പ്രവാസികളുടെ നിയമപരമായ മോചനത്തിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. നോര്‍ക്കയുടെ നിയമസഹായ പദ്ധതി നടപ്പിലാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ഗാര്‍ഹിക ജീവനക്കാര്‍ തുടങ്ങിയവരെ നോര്‍ക്ക മുഖേന വിദേശരാജ്യങ്ങളില്‍ നിയമിക്കുന്നുണ്ട്.വീസ തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ ഇതു സഹായിക്കും. നെതര്‍ലന്‍ഡ്സിലേക്ക് ആവശ്യമുള്ള 40,000 നഴ്സുമാരുടെ നിയമനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് നോര്‍ക്ക റൂട്ട്സിനെ നിയോഗിച്ചിട്ടുണ്ട്.

എറണാകുളം എം.ജി.റോഡ് മെട്രോ സ്റ്റേഷന്‍ കൊമേഴ്സ്യല്‍ ബില്‍ഡിങ്ങിലാണു നോര്‍ക്ക റൂട്ട്സിന്റെ പുതിയ മേഖലാ ഓഫിസ് തുറന്നത്. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേന ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ആരംഭിക്കുന്ന സംരംഭത്തിനുള്ള അനുമതി പത്രം പ്രവാസി സംരംഭകന്‍ തയ്യില്‍ ഹബീബിനു മുഖ്യമന്ത്രി കൈമാറി. ഹൈബി ഈഡന്‍ എംപി അധ്യക്ഷത വഹിച്ചു.

മുന്‍ എംപി പി. രാജീവ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ്, ജിസിഡിഎ ചെയര്‍മാന്‍ വി. സലീം, കെഎംആര്‍എല്‍ പ്രോജക്ട് ഡയറക്ടര്‍ തിരുമാന്‍ അര്‍ജുനന്‍, നോര്‍ക്ക റൂട്ട്സ് സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.