പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം


DECEMBER 3, 2023, 2:58 PM IST

തിരുവനന്തപുരം: പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതില്‍ 8775 പേര്‍ ആഭ്യന്തര യാത്രക്കാരും 5474 പേര്‍ രാജ്യാന്തര യാത്രക്കാരുമാണ്. കഴിഞ്ഞ 25ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്.

നവംബറില്‍ ആകെ 3.64 ലക്ഷം പേര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇവരില്‍ 2.11 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 1.53 ലക്ഷം വിദേശ യാത്രക്കാരും. ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു മാസത്തില്‍ രണ്ട് ലക്ഷം കവിയുന്നതും ഇതാദ്യമാണ്. ടൂറിസം സീസണ്‍ ആരംഭിച്ചതും ക്രിസ്മസ്  പുതുവത്സര അവധിയും പ്രമാണിച്ച് ഈ മാസം യാത്രക്കാരുടെ തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത.

എല്ലാ യാത്രക്കാര്‍ക്കും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും എയര്‍പോര്‍ട്ട് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ആധുനിക റബ്ബര്‍ റിമൂവല്‍ മെഷീന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്തിരുന്നു. പുതിയ റണ്‍വേ റബ്ബര്‍ ഡെപ്പോസിറ് ആന്‍ഡ് പെയിന്റ് റിമൂവല്‍ മെഷീന്‍ റണ്‍വേയിലെ അപകടകരമായ വസ്തുക്കളും പഴയ മാര്‍ക്കിങ്ങുകളും നീക്കാനും ഉപയോഗിക്കാനാണിത്.

Other News