ഇംഗ്ലണ്ടില്‍ സേവനത്തിനായി പോയ കന്യാസ്ത്രീയെ സഭ ഉപേക്ഷിച്ചതിനാല്‍ ഒറ്റപ്പെട്ട് കഴിയുന്നെന്ന് കുടുംബം


DECEMBER 9, 2019, 11:07 AM IST

കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ പ്രേഷിത പ്രവര്‍ത്തനത്തിനുപോയ കന്യാസ്ത്രി ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നെന്ന് കുടുംബം. മാനന്തവാടി നിരവില്‍പുഴ കല്ലറ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ ദീപ ജോസഫാണ് മാനസികനില നില തെറ്റി തനിച്ചു കഴിയുന്നത്. വിദേശത്ത് കഴിയുന്ന മകള്‍ക്ക് അടിയന്തര സഹായം ആവശ്യപ്പെട്ട് മാനന്തവാടി രൂപതാ ആസ്ഥാനത്ത് കുടുംബം ശ്രദ്ധ ക്ഷണിക്കല്‍ സമരമിരിക്കും.

മക്കിയാട് കൊളാസ്റ്റിക്കല്‍ കോണ്‍വെന്റ് അംഗമായ സിസ്റ്റര്‍ ദീപാ ജോസഫ് 2003 ല്‍ 34-ാം വയസിലാണ് ഇംഗ്ലണ്ടില്‍ ബെനഡിക്ടന്‍ കോണ്‍ഗ്രഗേഷനിന്റെ ഗ്ലോക്സ്റ്റര്‍ഷെയര്‍ മഠത്തിലേക്ക് പോയത്. മകളെ മഠാധികാരികള്‍ മാനസികമായി തളര്‍ത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. മാനസിക നില തെറ്റിയ മകള്‍ ആരും സഹായിക്കാനില്ലാതെ ഇംഗ്ലണ്ടില്‍ തനിച്ചു കഴിയുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. മഠത്തില്‍ നിന്ന് ഏഴ് വര്‍ഷം മുമ്പ് സിസ്റ്റര്‍ ദീപ പുറത്തുപോയെന്നാണ് മഠം അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യം രേഖാമൂലം കുടുംബത്തെ അറിയിച്ചിട്ടില്ല.

വിഷയത്തില്‍ സഭയുടെ അടിയന്തര ഇടപെടല്‍ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് പോലും തനിക്കറിയില്ലെന്ന് സിസ്റ്റര്‍ ദീപയുടെ പിതാവ് പറയുന്നു. കാത്തലിക്ക് ലേമെന്‍സ് അസോസിയേഷന്‍ ഉള്‍പ്പടെയുള്ളവര്‍ സിസ്റ്റര്‍ക്ക് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ രൂപതയേയും മഠത്തേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തെ ചെറുക്കുമെന്നാണ് വിശ്വാസ സംരക്ഷണ സമിതിയുടെ നിലപാട്.

Other News