മണ്ണിനടിയിൽ 24 മണിക്കൂറിലേറെ;പുത്തുമലയിലെ നാശക്കൂമ്പാരത്തിനിടയിൽ നിന്ന് ജീവനോടെ ഒരാൾ 


AUGUST 9, 2019, 9:12 PM IST

കൽപറ്റ: കണ്ണടച്ചുതുറക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ സർവ്വതും താറുമാറായ  വയനാട്ടിലെ പുത്തുമലയിൽ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവന്‍റെ തുടിപ്പുമായി ഒരാൾ.ഇരുപത്തിനാല് മണിക്കൂറിലേറെ മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനടിയിൽ നിന്ന് വീണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി. 

ഇന്നലെ വൈകിട്ടോടെയാണ് മേപ്പാടി പുത്തുമലയിൽ നാടിനെ നടുക്കി ദുരന്തം നാശം വിതച്ചത്.വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് അപ്പാടെ ഒഴുകി ഒരു പ്രദേശത്തെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിൽ .

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു രക്ഷാ പ്രവര്‍ത്തകര്‍ക്ക്  പുത്തുമലയിലേക്ക് എത്താനായത്. ഇതിനകം എട്ട് മൃതദേഹം പ്രളയാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതിനിടയ്ക്കാണ് പ്രത്യാശ പകർന്ന് ഒരാളിൽ ജീവന്‍റെ തുടിപ്പ് കണ്ടെത്തിയത്. 

തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടി അടക്കം വീടുകളും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും എല്ലാം ഒലിച്ച് പോയ അവസ്ഥയിലാണ് പുത്തുമല. രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ  പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.ഇരുട്ടും മഴയും മോശം കാലാവസ്ഥയും തുടരുന്നതിനാൽ രക്ഷാ പ്രവര്‍ത്തനം നിർത്തിവച്ചിരിക്കുകയാണ്.