ഓണ്‍ലൈനില്‍ ഫസ്റ്റ് ബെല്‍ മുഴങ്ങി; മുഖ്യമന്ത്രിയുടെ ആശംസയോടെ അധ്യയനം ആരംഭിച്ചു


JUNE 1, 2020, 11:45 AM IST

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ആരംഭിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെയായിരുന്നു പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്.

കോവിഡ് - 19 കാരണം കുട്ടികള്‍ക്ക് ഇപ്പോള്‍ സ്‌കൂളുകളില്‍ എത്താന്‍ കഴിയില്ല. പകരം വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് നമ്മുടെ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിശ്ചയിക്കപ്പെട്ട ടൈംടേബിള്‍ അനുസരിച്ച് ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. ക്ലാസുകള്‍ യൂട്യൂബ് വഴിയും ലഭ്യമാക്കും. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ പഠന ക്രമത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു - മുഖ്യമന്ത്രി പറഞ്ഞു.

വിക്ടേഴ്സ് ചാനല്‍ വഴിയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടക്കുക. ലാപ്ടോപ്പോ ഡെസ്‌ക്ടോപ്പോ വഴിയാണ് സ്വകാര്യ സ്‌കുളുകള്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ ക്രമീകരണമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും യൂട്യൂബ് വഴിയും ഓണ്‍ലൈനായാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ ടിവിക്ക് മുന്നിലെത്തിക്കണം. രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ക്ലാസുകള്‍. ഓരോ ക്ലാസിനും നിശ്ചിത സമയം ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുമായി തത്സമയം സംവദിക്കാകും വിധമാണ് സൌകര്യമൊരുക്കുക.

ലാപ്പ്ടോപ്പോ, ഡെസ്‌ക്ടോപ്പോ ഉപയോഗിച്ച് വെബ്കാം വഴി സംവദിക്കാനും സംശയനിവാരണം നടത്താനും സജ്ജീകരണങ്ങളുണ്ടാകും. ടാബോ സ്മാര്‍ട്ട്ഫോണോ ഉപയോഗിച്ച് വാട്സ്ആപ്പ് വഴിയാകും സ്വകാര്യസ്‌കൂളുകളിലെ ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൌകര്യമൊരുക്കുക. റെക്കോര്‍ഡ് ചെയ്ത വീഡിയോയും ഓഡിയോയും വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുക്കും.

ഓണ്‍ലൈന്‍ പഠനത്തിന് തുടക്കം കുറിക്കുമ്പോള്‍, വിക്ടേഴ്സ് ചാനല്‍ ലഭ്യമല്ലാത്ത ഡിറ്റിഎച്ച് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരും ടിവിയോ കമ്പ്യൂട്ടറോ തുടങ്ങിയ സൗകര്യമില്ലാത്തവരുമായ നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത്തരത്തില്‍ രണ്ടുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. ഇവര്‍ക്ക് ക്ലാസുകള്‍ നഷ്ടമാകാതിരിക്കാന്‍ പ്രാദേശികാടിസ്ഥാനത്തില്‍ ബദല്‍ സംവിധാനങ്ങളൊരുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളൊഴിവാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയിലാണ് ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നത്.

Other News