പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; രാജി സന്നദ്ധത അറിയിച്ചുവെന്ന് നഗരസഭ അധ്യക്ഷ പി.കെ ശ്യാമള


JUNE 22, 2019, 9:36 PM IST

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജിസന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള.

എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ ഇരിക്കാനും അല്ലെങ്കില്‍ ഇറങ്ങിപ്പോകാനും പറ്റില്ല. എന്നെ ഈ സീറ്റിലിരുത്തിയതും ഞാന്‍ എത്ര വീക്കാണെന്ന് തീരുമാനിക്കേണ്ടതും ആ സ്ഥാനത്ത് തുടരണോ എന്നും തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.  

സാജന്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായതായി കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. വിമര്‍ശനങ്ങളെയെല്ലാം ഉള്‍ക്കൊണ്ട് പാര്‍ട്ടിക്ക് വേണ്ടി താന്‍ രാജിവെക്കുമെന്നാണ് പി.കെ ശ്യാമള പറയുന്നത്.

അതല്ല തുടരാനാണ് പാര്‍ട്ടി പറയുന്നതെങ്കില്‍ അതിനും സന്നദ്ധയാണെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന വാര്‍ത്തകളേയും അവര്‍ തള്ളി.

കോടികള്‍ മുടക്കി പണിത ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്തത്. അനുമതി ലഭിക്കാത്തത് നഗരസഭാ അധ്യക്ഷയുടെ വ്യക്തിവിരോധം കൊണ്ടാണെന്ന് സാജന്റെ ഭാര്യ പറഞ്ഞിരുന്നു. തുടര്‍ന്ന് ഉദ്യയോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. സംഭവത്തിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പിയ്ക്ക് കൈമാറിയിട്ടുണ്ട്.Other News