ശബരിമല കോടതി വിധി നടപ്പാക്കണം; എതിര്‍പ്പുള്ളവര്‍ക്ക്  കോടതിയില്‍ പോകാം :  ജസ്റ്റിസ് പി. സദാശിവം


SEPTEMBER 4, 2019, 3:49 PM IST

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതി വിധി നടപ്പാക്കണമെന്ന് കേരളത്തിന്റെ മുന്‍ ഗവര്‍ണര്‍ പി.സദാശിവം. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.. ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിഷയത്തില്‍ സദാശിവം നിലപാട് വ്യക്തമാക്കിയത്.

യൂണിവേഴ്‌സിറ്റി കോളജ് സംഭവങ്ങളെ അപലപിച്ച അദ്ദേഹം, സര്‍ക്കാരില്‍ നിന്നും പിഎസ്സിയില്‍ നിന്നും സര്‍വകലാശാലയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു. സര്‍ക്കാരിന്റ എല്ലാകാര്യങ്ങളിലും ഇടപെടുന്നത് ശരിയല്ല. എല്ലാമാസവും സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടാറുണ്ടെന്നും വ്യക്തമാക്കിയ പി.സദാശിവം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയും രേഖപ്പെടുത്തി.

ഗവര്‍ണര്‍പദവി ആലങ്കാരികമല്ലെന്നു പ്രവൃത്തിയിലൂടെ തെളിയിച്ച പി.സദാശിവത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.കാലാവധി പൂര്‍ത്തിയാക്കി അദ്ദേഹം ഇന്ന് വൈകിട്ട് ജന്മനാട്ടിലേക്കു മടങ്ങും.മലയാളികളുടെ സ്നേഹത്തിനും നന്ദി പറഞ്ഞും കേരളത്തോടുള്ള മമത ആവര്‍ത്തിച്ച് വ്യക്തമാക്കിയുമായിരുന്നു ഗവര്‍ണറുടെ വിടവാങ്ങല്‍ പ്രസംഗം. നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാഴാഴ്ച കേരളത്തിലെത്തും.