ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയന്‍ വി പി അപ്പുക്കുട്ട പൊതുവാള്‍, ചെറുവയല്‍ രാമന്‍, എസ് ആര്‍ ഡി പ്രസാദം, സി ഐ ഐസക് എന്നിവര്‍ക്ക് പത്മപുരസ്‌ക്കാരങ്ങള്‍.
പയ്യന്നൂര്‍ സ്വദേശിയാണ് പത്മശ്രീ നേടിയ ഗാന്ധിയന്‍ വി പി അപ്പുക്കുട്ട പൊതുവാള്‍. സ്വാതന്ത്ര്യ സമര സേനാനിയും ഖാദി പ്രചാരകനും എഴുത്തുകാരനുമാണ് അദ്ദേഹം. 99 വയസ്സായി.
പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളിന്റേയും വി പി സുഭദ്രാമ്മയുടേയും മകനായി 1923 ഒക്ടോബര്‍ ഒന്‍പതിന് ജനിച്ച വി പി അപ്പുക്കുട്ട പൊതുവാള്‍ 1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേള്‍ക്കാനും ഇടയായതാണ് ജീവിതത്തിലെ വഴിത്തിരിവായത്.
1930ല്‍ ഉപ്പുസത്യാഗ്രഹ ജാഥ നേരിട്ടു കണ്ടതാണ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുന്നതിലേക്ക് നയിച്ചത്. 1942ല്‍ വി പി ശ്രീകണ്ഠപൊതുവാളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി. സമരസമിതിയുടെ നിര്‍ദ്ദേശാനുസാരണം പിന്നണിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിദ്യാര്‍ഥി വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
1943ല്‍ അറസ്റ്റിലായെങ്കിലും തെളിവില്ലെന്നതിനാല്‍ തലശ്ശേരി കോടതി വിട്ടയച്ചു. 1944ല്‍ അഖില ഭാരതീയ ചര്‍ച്ച സംഘത്തിന്റെ കേരള ശാഖയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1957ല്‍ കെ കേളപ്പന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളിലും ഖാദി പ്രവര്‍ത്തനങ്ങളിലും സജീവമായി.
1947 മുതല്‍ മദിരാശി സര്‍ക്കാരിനു കീഴില്‍ പയ്യന്നൂരിലെ ഊര്‍ജ്ജിത ഖാദി കേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതല്‍ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മീഷനില്‍ സീനിയര്‍ ഓഡിറ്ററായും പ്രവര്‍ത്തിച്ചു. വിനോഭഭാവെ, ജയപ്രകാശ് നാരായണന്‍ എന്നിവരോടൊപ്പം ഭൂദാന പദയാത്രയിലും പങ്കാളിയായിരുന്നു.
വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കര്‍ഷകനാണ് തലക്കര ചെറിയ രാമന്‍ എന്ന ചെറുവയല്‍ രാമന്‍. നെല്ലച്ഛന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. നാല്‍പ്പത്തിയഞ്ചോളം ഇനം നെല്ല് കൃഷി ചെയ്ത് സംരക്ഷിക്കുന്ന രാമന്‍ പത്താം വയസ്സില്‍ പാടത്തിറങ്ങിയിരുന്നു. 2011ല്‍ ഹൈദരബാദില്‍ നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ച് ചെറുവയല്‍ രാമനാണ് പങ്കെടുത്തത്.
2016ലെ ജനിതക സംരക്ഷണ പുരസ്‌ക്കാരം, 2016ലെ ദേശീയ പ്ലാന്റ് ജിനോം സേവിയര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ദേശീയ- രാജ്യാന്തര വേദികളില്‍ കളരിപ്പയറ്റിനെ ആധികാരികമായി അവതരിപ്പിക്കുന്ന പ്രസാദ് ഗുരുക്കള്‍ അച്ഛന്‍ ചിറക്കല്‍ ശ്രീധരന്‍ നായരില്‍ നിന്നാണ് കളരി അഭ്യസിച്ചത്.
ചരിത്രാധ്യാപകനും ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം വൈസ് പ്രസിഡന്റും ഐ സി എച്ച് ആര്‍ അംഗവുമായിരുന്നു സി ഐ ഐസക്ക്. ഇവല്യൂഷന്‍ ഓഫ് കൃസ്ത്യന്‍ ചര്‍ച്ച് ഇന്‍ ഇന്ത്യ ഉള്‍പ്പെടെ 10 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.