പാലായില്‍ വിമത സ്ഥാനാര്‍ത്ഥിയുമായി പിജെ. ജോസഫ് വിഭാഗം


SEPTEMBER 4, 2019, 4:45 PM IST

കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ വിമത നീക്കവുമായി പി ജെ ജോസഫ് വിഭാഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ബദലായി ജോസഫ് വിഭാഗം നേതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായ ജോസഫ് കണ്ടത്തിലാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജോസ് കെ മാണി പക്ഷത്തിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് ജോസഫ് പക്ഷത്തിന്റെ നീക്കം.

രണ്ടില ചിഹ്നം ജോസ് ടോമിന് കിട്ടുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് കടുത്ത നീക്കവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പി ജെ ജോസഫിന്റെ പിഎയും പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും ജോസഫ് കണ്ടത്തിലിന്റെ പത്രികാ സമര്‍പ്പണ ചടങ്ങിനെത്തിയിരുന്നു.

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോം പുലിക്കുന്നേലിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയാണ് ജോസ് ടോം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി പി ജെ ജോസഫ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്നയാളാണ് ജോസ് ടോമെന്നും സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ലെന്നും പി ജെ ജോസഫ് തുറന്നടിച്ചിരുന്നു. പാര്‍ട്ടി ചിഹ്നം നല്‍കില്ലെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. രണ്ടില ചിഹ്നത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ യുഡിഎഫ് സ്വതന്ത്രനായാകും ജോസ് ടോം മത്സരിക്കുക.