പാലായിൽ വഴികാണാതെ യുഡിഎഫ്; മാണി സി. കാപ്പൻ പ്രചാരണം തുടങ്ങി


AUGUST 30, 2019, 10:29 AM IST

കോട്ടയം: മുതിർന്ന നേതാവ് കെ.എം. മാണി അന്തരിച്ചതോടെ ഒഴിവുവന്ന പാലാ അസംബ്ലി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചത് പോലെ ഐക്യജനാധിപത്യമുന്നണിക്ക് തലവേദനയാവുകയാണ്.

കേരളാ കോൺഗ്രസിൽ നിന്ന് ആരെയാണ് സ്ഥാനാർത്ഥിയാക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം കാണാനാണ് മുന്നണി നേതൃത്വം വിഷമിക്കുന്നത്. മാണി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമെന്ന നിലയിൽ സീറ്റിന് അർഹത അദ്ദേഹത്തിന്റെ വിഭാഗത്തിൽ പെടുന്ന ഒരാൾക്കാണ്. എന്നാൽ, കേരളാ കോൺഗ്രസിനുള്ളിൽ ജോസഫ് -ജോസ് വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന തർക്കം ആ തീരുമാനം എളുപ്പമല്ലാതാക്കി മാറ്റിയിരിക്കുകയാണ്. തങ്ങൾ നിശ്ചയിക്കുന്ന ആളായിരിക്കും പാലായിൽ സ്ഥാനാർത്ഥിയെന്ന് ജോസ് കെ. മാണി വ്യക്തമാക്കിക്കഴിഞ്ഞു. അത് ഒരുപക്ഷെ താൻ തന്നെയായിക്കൂടെന്നില്ലെന്നും വെറുതെയാണെങ്കിലും ജോസ് പറയാതെ പറഞ്ഞതോടെ തെരഞ്ഞെടുപ്പ് രംഗവും  യുഡിഎഫ് രാഷ്ട്രീയവും ചൂടുപിടിച്ചു  കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും പാലായിൽ ഐക്യജനാധിപത്യ മുന്നണി തോൽക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ ജോസഫിനാവില്ല.

ഇതിനിടക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മുന്നോട്ട് പോകുകയാണ്. മുൻപ് നിരവധി തവണ പാലായിൽ മാണിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട മാണി സി. കാപ്പനാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. തെരുവിലിറങ്ങി വോട്ട് തേടി തുടങ്ങിയ കാപ്പൻ ഇക്കുറി വിജയപ്രതീക്ഷയിലാണ്. എന്നാൽ, ശബരിമല സ്ത്രീപ്രവേശന പ്രശ്‌നം തലവേദനയാകുമോ എന്ന ഭയം ഇടതുമുന്നണിക്കുണ്ട്. പ്രതിപക്ഷത്തെ ആശയക്കുഴപ്പമാണ്  അവർക്ക് പ്രതീക്ഷ നൽകുന്നത്.

Other News