പാലായില്‍ തുടക്കം തന്നെ കനത്ത പോളിങ്


SEPTEMBER 23, 2019, 10:27 AM IST

പാലാ: ഇന്ന്  ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. രാവിലെ 9.30 ഓടെ 13.20 ശതമാനം പേരാണ് വോട്ട് ചെയ്തത്.

. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും വോട്ട് രേഖപ്പെടുത്തി. പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്നും 101 ശതമാനം വിജയം ഉറപ്പെന്നും മാണി സി. കാപ്പന്‍ പ്രതികരിച്ചു. കാനാട്ടുപാറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിലെ ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി. സി. കാപ്പന്‍ വോട്ട് രേഖപ്പെടുത്തിയത്.ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ നൂറ്റിനാല്പതാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. അതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം തന്റെ വിജയം സുനിശ്ചിതമാണെന്ന് പറഞ്ഞു.

വരാനിരിക്കുന്ന 5 ഉപതിരഞ്ഞെടുപ്പുകളുടെ 'സെമിഫൈനല്‍' അങ്കമായാണ് പാലാ ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്ത്.

വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും.

6നു ക്യൂവില്‍ എത്തുന്ന അവസാന വോട്ടര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും.  1,79,107 വോട്ടര്‍മാര്‍ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ്

പാലാ മണ്ഡലത്തില്‍. കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ്  ഉപതിരഞ്ഞെടുപ്പ്.

Other News