പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് ആറിന് ഗതാഗതത്തിന് തുറന്നുനല്‍കിയേക്കും


FEBRUARY 26, 2021, 9:46 AM IST

കൊച്ചി: പുതുക്കി പണിയുന്ന പാലാരിവെട്ടം മേല്‍പ്പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത മാസം ആറിന് ഗതാഗതത്തിന് തുറന്നു നല്‍കിയേക്കും. 95 ശതമാനം നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വൈകാതെ നിലവില്‍ വരുമെന്നതിനാല്‍ ഉദ്ഘാടന തീയതി സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ അന്തിമ തീരുമാനമെടുക്കും.

പാലത്തിന്റെ ബലക്ഷയം, അഴിമതി വിവാദം, കേസ്, മുന്‍മന്ത്രിയുടെ അടക്കം അറസ്റ്റ്, ഭാര പരിശോധനാ തര്‍ക്കം, അങ്ങനെ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ കടന്നാണ് പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

തൂണുകളുടെ ബലപ്പെടുത്തല്‍, പുതിയ പിയര്‍ ക്യാപ്പുകള്‍, പുതുക്കിപ്പണിത ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍, ഡെക്ക് സ്ലാബ് നിര്‍മാണം എന്നിവയെല്ലാം പൂര്‍ത്തിയായി. പാലത്തിന്റെ അന്തിമ ടാറിംഗ് ജോലികള്‍ 50 ശതമാനം പൂര്‍ത്തിയാക്കി. പെയിന്റിംഗ് ജോലികളും ആരംഭിച്ചു.

19 സ്പാനുകളില്‍ 17 എണ്ണവും പൊളിച്ചു പണിതു. മധ്യഭാഗത്തെ സ്പാനില്‍ ബലപ്പെടുത്തല്‍ പ്രവൃത്തികള്‍ മാത്രമാണ് നടത്തിയത്. മാര്‍ച്ച് നാലിനകം ഭാരപരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാര്‍ച്ച് 5 ന് ശേഷം എപ്പോള്‍ വേണമെങ്കിലും ഉദ്ഘാടനം നടത്താമെന്നാണ് നിര്‍മാണ മേല്‍നോട്ട ചുമതലയുള്ള ഡിഎംആര്‍സി സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.